നാടകത്തില് ജീവിതം കലര്ത്തിയ കലാകാരന്

നാടകത്തിന്റെ അര്ത്ഥതലങ്ങള് ജീവിതത്തിലേക്ക് കൂടുതല് ഉള്ചേരുന്നത്, മിഴിതുറക്കുന്നത് തന്റെ സ്കൂള് ഓഫ് ഡ്രാമ കാലഘട്ടത്തിലാണെന്ന് പ്രശാന്ത് തന്നെ ഓര്മ്മിക്കുന്നുണ്ട്.

നാടകത്തില് ജീവിതം കലര്ത്തിയ കലാകാരന്
dot image

കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനായി തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിലാണ് പ്രശാന്ത് നാരായണന്റെ ജനനം. കഥകളി സാഹിത്യകാരനായ പിതാവാണ് പ്രശാന്തിന് കലയുടെ ലോകത്തേക്ക് വെളിച്ചം വീശുന്നത്. മലയാളത്തിന്റെ നാടകവേദി കഥകളിയാണെന്ന് അച്ഛന് വാദിക്കാറുണ്ടെന്ന് ഒരിക്കല് പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല് പിതാവില് നിന്ന് വ്യത്യസ്തമായി കഥകളിയെ ഡികോഡ് ചെയ്യണമെന്നും സാധാരണക്കാരിലേക്ക് ഇണങ്ങിച്ചേരാനുള്ള ഭാഷ കഥകളിയില് ഉള്ചേര്ന്നിട്ടുണ്ടെന്നും പ്രശാന്ത് വിശ്വസിച്ചിരുന്നു.

നാലാം ക്ലാസില് പഠിക്കുമ്പോള് 'പുലി വരുന്നേ പുലി' എന്ന നാടകമാണ് ആദ്യമായി പ്രശാന്ത് എഴുതി കൂട്ടുകാര്ക്കൊപ്പം അവതരിപ്പിക്കുന്നത്. പിന്നീട് സ്കൂള് വിദ്യഭ്യാസ കാലഘട്ടത്തില് തന്നെ നാടകവുമായി കൂടുതല് ഇടപെട്ടു. കഥകളി പരിശീലനവും പഠനത്തോടൊപ്പം മുന്നോട്ടുകൊണ്ടുപോയി. എസ് എസ് എല് സി പഠനത്തിന് ശേഷം പെരുമ്പാവൂര് ചന്ദ്രമന ഇല്ലത്തില് താമസിച്ച് കഥകളി അഭ്യസിച്ചു, ഇതിനോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയി.

'തിയേറ്റര് ആര്ട്ട്' എന്ന നിലയില് നാടകത്തെ വിശാല അര്ത്ഥത്തില് പ്രശാന്തിന്റെ ജീവിതത്തിലേക്ക് കലര്ത്തുന്നത് സ്കൂള് ഓഫ് ഡ്രാമയാണ്. നാടകത്തിന്റെ അര്ത്ഥതലങ്ങള് ജീവിതത്തിലേക്ക് കൂടുതല് ഉള്ചേരുന്നത്, മിഴിതുറക്കുന്നത് തന്റെ സ്കൂള് ഓഫ് ഡ്രാമ കാലഘട്ടത്തിലാണെന്ന് പ്രശാന്ത് തന്നെ ഓര്മ്മിക്കുന്നുണ്ട്. അതേസമയം മൂന്നര വര്ഷത്തെ സ്കൂള് ഓഫ് ഡ്രാമ കാലഘട്ടത്തിന് ശേഷം സ്ഥാപനത്തില് നിന്ന് അയാള് പടിയിറങ്ങേണ്ടി വന്നു. സ്കൂള് ഓഫ് ഡ്രാമയില് നിന്ന് പാതിവഴിയില് പടിയിറങ്ങേണ്ടി വന്നെങ്കിലും നാടകം ആഹാരത്തിന് തുല്യമായി ചേര്ത്തുനിര്ത്താന് അദ്ദേഹത്തിന് സാധിച്ചു.

പിന്നീട് നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ പ്രശാന്തിന് കഴിഞ്ഞു. നാടകത്തിന്റെ സങ്കേതങ്ങൾ കഥകളിയുമായി ഏറെ സാമ്യപ്പെടുത്താൻ പ്രശാന്ത് ശ്രമിച്ചിരുന്നു. എന്നാൽ കഥകളിക്ക് ശ്രേഷ്ഠമായ സ്ഥാനം നൽകണമെന്ന തീവ്രയുക്തി അദ്ദേഹത്തിനുണ്ടായിരുന്നില്ല.

സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കി. 'മകരധ്വജൻ' 'കറ ', 'താജ് മഹൽ' തുടങ്ങിയ നാടകങ്ങൾ അതിന്റെ സമകാലിക പ്രസക്തി കൊണ്ടും സംവിധാന മികവ് കൊണ്ടും രാഷ്ട്രീയ പ്രാധാന്യം കൊണ്ട് ശ്രദ്ധ നേടിയവയിൽ ചിലതാണ്. എംടിയുടെ ജീവിതവും മികച്ച കൃതികളും കോർത്തിണക്കിയ 'മഹാസാഗരം' ചർച്ച ചെയ്യപ്പെട്ട മറ്റൊരു നാടകമാണ്.

മണികർണ്ണിക, ടാഗോറിന്റെ തപാലാപ്പീസ്, ഭാസന്റെ ഊരുഭംഗം, ദൂതഘടോത്കചം, ഷേക്സ്പിയറിന്റെ 'ഹാംലറ്റ്' തുടങ്ങിയ നാടകങ്ങൾ പ്രശാന്തിന്റെ സംവിധാന മികവ് തെളിയിക്കുന്നതാണ്. 1996ൽ രചിച്ച ഛായാമുഖിയാണ് ഏറ്റവും ശ്രദ്ധയാകർഷിച്ച മറ്റൊരു സൃഷ്ടി. 2003ൽ മോഹൻലാലും മുകേഷും ചേർന്ന് ഛായമുഖി നാടകരൂപത്തിൽ അവതരിപ്പിച്ചു. മികച്ച രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരവും ഛായമുഖി സ്വന്തമാക്കിയിരുന്നു. 2011ൽ ദുർഗ്ഗാദത്തപുരസ്കാരം, 2015ൽ എ പി കളയ്ക്കാട് അവാർഡ്, 2016ൽ അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും പ്രശാന്തിന് ലഭിച്ചിരുന്നു.

2015 ജൂലൈയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച കളം എന്ന നാടക പരിശീലനക്കളരിയും പ്രശാന്തിന്റെ സംഭാവനകളിലൊന്നാണ്. കളം സാംസ്കാരിക കേരളത്തിന് ഒരുപിടി കലാകാരന്മാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. താനെഴുതിയ കൃതികളുടെ നന്മയും തിന്മയുമൊക്കെ കാലം തീരുമാനിക്കട്ടെയെന്ന് പറഞ്ഞാണ് അയാള് അരങ്ങൊഴിയുന്നത്.

dot image
To advertise here,contact us
dot image