
ബദിയടുക്ക: കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദുരിതം അവസാനിക്കുന്നില്ല. സഹായം എത്തിച്ചുവെന്ന് അവകാശപ്പെടുമ്പോഴും മുഴുവൻ സമയ കരുതൽ വേണ്ട എൻഡോസൾഫാൻ ഇരകളെ സർക്കാർ അവഗണിക്കുകയാണ്. കാസർകോട് പനയൽ സ്വദേശി 20-കാരി നന്ദന എൻഡോസൾഫാന്റെ ഇരയാണ്. ഇടക്കിടെ അപസ്മാരം വരും. മരുന്നില്ലെങ്കിൽ ഉറക്കം ഇല്ല. കേരളത്തിൽ ഇവർക്ക് സൗജന്യ ചികിത്സയോ, മരുന്നോ ധനസഹായമോ ഇല്ല. 'നരകയാതനയിൽ കഴിയുന്ന ഞങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ'യെന്നാണ് കുടുംബങ്ങൾ സർക്കാരിനോട് ചോദിക്കുന്നത്. കാസർകോട് നിന്ന് റിപ്പോർട്ടർ പി ആർ പ്രവീണയാണ് ഈ ദുരിത വാർത്ത പുറത്തുകൊണ്ടുവന്നത്.
ഇടയ്ക്കിടെ നന്ദന പൊട്ടിച്ചിരിക്കും. സെക്കന്റുകൾക്കുള്ളിൽ തല ചുമരിൽ ആഞ്ഞിടിക്കും. അമ്മയുടെ പിടി ഒന്ന് അയഞ്ഞാൽ ഓടും. ഒരു തവണ വീണ് കയ്യൊടിഞ്ഞു. ചികിത്സയ്ക്ക് പക്ഷേ കേരളത്തിൽ നിന്ന് പോകേണ്ടി വന്നത് മംഗലാപുരത്ത്. ചികിത്സ കഴിഞ്ഞെത്തി കേരളത്തിൽ നിന്ന് മരുന്ന് സൗജന്യമായി കിട്ടുമോ എന്ന് നോക്കി. കേരളത്തിൽ നിന്ന് കിട്ടിയിരുന്നത് പെൻഷനായിരുന്നു. അതു മുടങ്ങിയിട്ട് ഏഴ് മാസമായി.
എൻഡോസൾഫാൻ ബാധിതർക്ക് 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനമായിരുന്നു സർക്കാർ വാഗ്ദാനം. എന്നാൽ കഴിഞ്ഞ ആഴ്ച 12-കാരൻ മിഥുനെ മണിപ്പാലിൽ എത്തിക്കാൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വിട്ടു നൽകിയില്ല. ആ കുഞ്ഞിപ്പോൾ മണിപ്പാൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.