
മൊഹാലി: ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഉച്ചയ്ക്ക് 1.30ന് മൊഹാലിയില് ആരംഭിക്കും. സീനിയര് താരങ്ങള്ക്കെല്ലാം വിശ്രമം അനുവദിച്ചിട്ടുള്ള ആദ്യ രണ്ട് മത്സരത്തില് കെ എല് രാഹുലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്മ്മയ്ക്ക് പുറമേ വിരാട് കോഹ്ലി, ഹാര്ദിക് പാണ്ഡ്യ എന്നിവര് കളിക്കുന്നില്ല. എന്നാല് അവസാന മത്സരത്തില് ഇവര് തിരിച്ചെത്തുകയും രോഹിത് ക്യാപ്റ്റന്സി ഏറ്റെടുക്കുകയും ചെയ്യും.
ഏഷ്യാ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യന് ഗെയിംസിനുള്ള ഇന്ത്യന് സ്ക്വാഡിനെ നയിക്കുന്ന റുതുരാജ് ഗെയ്ക്വാദ് അടക്കമുള്ള താരങ്ങള് ഓസീസിനെതിരായ ഏകദിന സ്ക്വാഡില് ഇടം പിടിച്ചിരുന്നു. പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യര്ക്കും മോശം ഫോമിലുള്ള സൂര്യകുമാര് യാദവിനും ടീമില് സ്ഥാനം ലഭിച്ചു. അപ്പോഴും ഏകദിന മത്സരങ്ങളില് മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ് ടീമില് ഇല്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. തിലക് വര്മ്മ ടീമില് സ്ഥാനം നിലനിര്ത്തിയപ്പോള് രവിചന്ദ്രന് അശ്വിന് ടീമില് തിരിച്ചെത്തി. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്സര് പട്ടേലിനെയും മൂന്നാം മത്സരത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
അതേസമയം പാറ്റ് കമ്മിന്സിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീം ഏകദിന ലോകകപ്പിനുള്ള അതേ ടീമുമായാണ് ഇന്ത്യക്കെതിരായ പര്യടനത്തിനെത്തുന്നത്. പരിക്കില് നിന്ന് മുക്തനായി കമ്മിന്സ് തിരിച്ചെത്തിയത് ഓസീസിന് ആശ്വാസം പകര്ന്നിട്ടുണ്ട്. എന്നാല് സൂപ്പര് താരങ്ങളായ മിച്ചല് സ്റ്റാര്ക്കും ഗ്ലെന് മാക്സ്വെല്ലും ആദ്യ മത്സരത്തിനുണ്ടായേക്കില്ല. ലോകകപ്പിന് മുന്പുള്ള അവസാന ഏകദിന ടൂര്ണമെന്റെന്ന നിലയില് ഇരുടീമുകള്ക്കും ഈ പരമ്പര വളരെ നിര്ണായകമായിരിക്കും. 24, 27 തീയ്യതികളിലാണ് മറ്റു മത്സരങ്ങള്. മൊഹാലിക്ക് പുറമേ ഇന്ഡോര്, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിലാണ് ഏകദിന പോരാട്ടങ്ങള് നടക്കുന്നത്.