എലൈറ്റ് പട്ടികയില്‍ ടോപ് ഫൈവിലെത്തി 'കിംഗ് കോഹ്‌ലി'; ഇത്തവണ മറികടന്നത് സേവാഗിനെ

വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ കോഹ്‌ലി 76 റണ്‍സ് നേടിയതോടെയാണ് താരം ഈ നേട്ടത്തിന് അര്‍ഹനായത്
എലൈറ്റ് പട്ടികയില്‍ ടോപ് ഫൈവിലെത്തി 'കിംഗ് കോഹ്‌ലി'; ഇത്തവണ മറികടന്നത് സേവാഗിനെ

ഡൊമിനിക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി സൂപ്പര്‍ താരം വിരാട് കോഹ്‌ലി. വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ കോഹ്‌ലി 76 റണ്‍സ് നേടിയതോടെയാണ് താരം ഈ നേട്ടത്തിന് അര്‍ഹനായത്. നിലവില്‍ 8555 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. 110 ടെസ്റ്റുകളില്‍ നിന്നാണ് കോഹ്‌ലി ഇത്രയും റണ്‍സ് നേടിയത്.

മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വീരേന്ദര്‍ സേവാഗിനെ മറികടന്നാണ് കോഹ്‌ലി എലൈറ്റ് പട്ടികയിലെ ആദ്യ അഞ്ചിലെത്തിയത്. 8503 റണ്‍സാണ് സേവാഗിന്റെ അക്കൗണ്ടിലുള്ളത്. 8781 റണ്‍സ് നേടിയ വി വി എസ് ലക്ഷ്മണാണ് പട്ടികയില്‍ കോഹ്‌ലിക്ക് തൊട്ടുമുന്നിലുള്ളത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഒന്നാമനായത്. 15,921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 13,265 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡും 10,122 റണ്‍സുമായി സുനില്‍ ഗവാസ്‌കറുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

അതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ തവണ അന്‍പതിലേറെ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 88-ാം തവണയാണ് വിദേശപിച്ചില്‍ അന്‍പതില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത്. 87 തവണ അന്‍പതിലേറെ റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡിനെയാണ് കോഹ്‌ലി മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോര്‍ഡിലും ഒന്നാമന്‍. 96 തവണയാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അന്‍പതിലേറെ റണ്‍സസ് നേടിയത്.

വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം നാള്‍ ഇന്ത്യ ഇന്നിംഗ്‌സ് വിജയം നേടിയിരുന്നു. 50 ഓവറില്‍ വെറും 130 റണ്‍സ് നേടി വിന്‍ഡീസ് ഓള്‍ഔട്ട് ആയതോടെയാണ് ഇന്ത്യ 141 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയത്. അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ലീഡ് ഉയര്‍ത്തിയത്. 182 പന്ത് നേരിട്ട കോഹ്‌ലി 76 റണ്‍സാണ് ഇന്നലെ അടിച്ചുകൂട്ടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com