

ഫുട്‍ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് കടക്കുമ്പോൾ എവിടെയും സംസാരവിഷയം ഒരൊറ്റ ആളാണ്. ബ്രസീലിന് ടൂർണമെന്റിന് പുറത്തേക്കുള്ള വഴിയൊരുക്കിയ നോർവീജിയൻ മുൻനിര താരം ഏർലിങ് ഹാളണ്ട്. അസാമാന്യ മെയ്ക്കരുത്തും എനർജിയുമുള്ള ഹാളണ്ടിന്റെ മികവിലാണ് നോർവേ ബ്രസീലിനെ പുറത്താക്കിയത്.
പൊടുന്നനെ പ്രശസ്തനായ ഫുട്‍ബോളറല്ല ഹാളണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച പ്രകടനമാണ് താരം എല്ലാ സീസണിലും പുറത്തെടുക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച മുൻനിര താരങ്ങളിൽ ഒരാളാണ് ഹാളണ്ട്. അദ്ദേഹത്തിന് ക്ലബ് വരുമാനം, ബ്രാൻഡ് വരുമാനം എന്നിവയിൽ നിന്നെല്ലാം മില്യൺ കണക്കിന് ഡോളറാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏർലിങ് ഹാളണ്ടിന്റെ ആകെ ആസ്തി ഏകദേശം 100 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട്. 2020ൽ ജർമൻ ക്ലബ് ആയ ബൊറൂസിയ ഡോർട്മുണ്ടിൽ ചേർന്നതിന് പിന്നാലെ താരത്തിന്റെ മൂല്യത്തിൽ വലിയ മാറ്റമുണ്ടായി. 8.7 മില്യൻ ഡോളറാണ് താരത്തിന് ഒരു വർഷം ക്ലബിൽ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് ഇംഗ്ലീഷ് ക്ലബ് ആയ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയപ്പോൾ അടിസ്ഥാന ശമ്പളം മാത്രം 25 മില്യൺ ഡോളർ ആയിരുന്നു. 2025ൽ സിറ്റിയുമായുള്ള കരാർ 10 വർഷത്തേക്ക് കൂടി അദ്ദേഹം നീട്ടി. 38 മില്യൺ ഡോളറാണ് അടിസ്ഥാന ശമ്പളമായി അന്ന് നിശ്ചയിക്കപ്പെട്ടത്. ബോണസുകൾ, എൻഡോഴ്‌സ്‌മെന്റ് ഡീലുകൾ എന്നിവയെല്ലാം കൂട്ടിയാൽ 150 മില്യൺ ഡോളർ വരെ വരുമാനമെത്താം.
സ്പോർട്സ് ബ്രാൻഡ് ആയ നൈക്കിന്റെ സ്പോണ്സർഷിപ്പും താരത്തിനുണ്ട്. 20 മില്യൺ ഡോളറാണ് ഹാളണ്ടിന് ഒരു വർഷം ഈ ഡീലിൽ നിന്ന് ലഭിക്കുക. ബീറ്റ്‌സ് ബൈ ഡ്രി, ബ്രെയ്റ്റ്ലിങ്, വാങ്ലോജി തുടങ്ങിയ ബ്രാൻഡുകളുടെ പാർട്ണറുമാണ് അദ്ദേഹം. ചെസ്സ് മേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനുമാണ്. സാലറികൾ, ബോണസുകൾ എന്നിവ മൊത്തമായി കൂട്ടിയാൽ ഹാളണ്ടിന്റെ വരുമാനം ഏകദേശം 80 മില്യൺ ഡോളർ വരുമെന്നാണ് കണക്കുകൂട്ടൽ.
ഹാളണ്ടിന്റെ ഭക്ഷണരീതിയും വ്യത്യസ്തമാണ്. സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള ഭക്ഷണക്രമമാണ് ഹാളണ്ടിന്റേത്. ഒരു ദിവസം ഏതാണ്ട് 6,000 കലോറി ഭക്ഷണമെങ്കിലും താരം കഴിക്കുന്നുണ്ട്. ഫാസ്റ്റ് ഫുഡോ കൊഴുപ്പുള്ള ആഹാരമോ അല്ല ഇത്. പശുവിന്റെ ലിവര്‍, ഹൃദയം എന്നിവ ഹാളണ്ടിന്റെ പ്രധാന ഭക്ഷണമാണ്. അയണും വിറ്റാമിനുകളും ധാരാളമടങ്ങിയ ഈ പരമ്പരാഗത ഭക്ഷണമാണ് തന്റെ കരുത്തിന്റെ രഹസ്യമെന്ന് ഹാളണ്ട് സാക്ഷ്യപ്പെടുത്തുന്നു.
ഒരു അത്ലറ്റിന്റെ ശരീരത്തിന് ഏറ്റവും പ്രധാനം വിശ്രമമാണെന്ന് ഹാളണ്ട് വിശ്വസിക്കുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് താരം പ്രയോജനപ്പെടുത്തുന്നത്. ദിവസവും 10 മുതല്‍ 11 മണിക്കൂര്‍ വരെയാണ് താരം ഉറങ്ങുന്നത്.
Content Highlights: Erling Haaland's reported net worth is 100 million dollars, with a major salary increase after moving from Borussia Dortmund to Manchester City.