ദീപാവലി വിപണി പിടിക്കാൻ ആമസോണും ഫ്ലിപ്കാർട്ടും മിന്ത്രയും; ഇനി മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും

പരമ്പരാഗത ഇ-കോമേഴ്‌സിന്റെ വലിയ ഉൽപ്പന്നശേഖരവും ക്വിക്ക് കോമേഴ്‌സിന്റെ അതിവേഗതയും ഒത്തുചേരുന്ന ഒരു പുതിയ മത്സരത്തിനാണ് ഇത്തവണത്തെ ദീപാവലി വിപണി സാക്ഷ്യം വഹിക്കുന്നത്

ദീപാവലി വിപണി പിടിക്കാൻ ആമസോണും ഫ്ലിപ്കാർട്ടും മിന്ത്രയും; ഇനി മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും
dot image

ഇന്ത്യയിലെ മുൻനിര ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവർ വരാനിരിക്കുന്ന ദീപാവലി വിപണി ലക്ഷ്യമിട്ട് തങ്ങളുടെ ക്വിക്ക് കോമേഴ്‌സ് സേവനങ്ങൾ വിപുലീകരിക്കുന്നു. മുൻകാലങ്ങളിൽ പലചരക്ക് സാധനങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന അതിവേഗ ഡെലിവറി സംവിധാനം, ഇപ്പോൾ വീട്ടുസാധനങ്ങൾ, ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, സമ്മാനങ്ങൾ എന്നിവയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പർച്ചേസ് ചെയ്ത് മണിക്കൂറുകൾക്കോ മിനിറ്റുകൾക്കോ ഉള്ളിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാസം കമ്പനികളുടെ വലിയ ഉത്സവകാല സെയിലുകൾ ആരംഭിക്കുന്നത്.

ഈ ഉത്സവ സീസണിൽ വലിയ സജ്ജീകരണങ്ങളാണ് കമ്പനികൾ ഒരുക്കിയിരിക്കുന്നത്. തങ്ങളുടെ ക്വിക്ക് കോമേഴ്‌സ് ശൃംഖലയായ 'ഫ്ലിപ്കാർട്ട് മിനിറ്റ്സ്' വഴി 1,400-ലധികം വിഭാഗങ്ങളിലായി 77,000-ൽ പരം ഉൽപ്പന്നങ്ങളാണ് ഫ്ലിപ്കാർട്ട് ലഭ്യമാക്കുന്നത്. അതേസമയം ആമസോൺ തങ്ങളുടെ 'ആമസോൺ നൗ' സേവനം ആദ്യമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇതിലൂടെ മിക്സർ ഗ്രൈൻഡറുകൾ, എയർ ഫ്രയറുകൾ, ഫാനുകൾ എന്നിവയെല്ലാം 10 മുതൽ 15 മിനിറ്റിനുള്ളിൽ ഡെലിവറി ചെയ്യാൻ ആമസോണിന് സാധിക്കും. ഫാഷൻ രംഗത്തെ പ്രമുഖരായ മിന്ത്ര തങ്ങളുടെ 'എം-നൗ' വഴി 1,500 ബ്രാൻഡുകളിൽ നിന്നുള്ള 1.5 ലക്ഷം ട്രെൻഡുകൾ 30 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളിൽ എത്തിക്കാനുള്ള പരീക്ഷണത്തിലാണ്.

ഈ സൗകര്യങ്ങൾ രാജ്യത്തുടനീളം ലഭ്യമാക്കുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യ വികസനമാണ് കമ്പനികൾ നടത്തിയിട്ടുള്ളത്. ആമസോൺ നിലവിൽ 120-ലധികം നഗരങ്ങളിൽ 800-ലധികം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകൾ വഴിയാണ് അതിവേഗ ഡെലിവറി നിയന്ത്രിക്കുന്നത്. ഫ്ലിപ്കാർട്ട് തങ്ങളുടെ സംഭരണ ശേഷി 50 ശതമാനം വർദ്ധിപ്പിക്കുകയും 9,000-ലധികം പിൻകോഡുകളിലേക്ക് സേവനം എത്തിക്കാൻ 1,200-ഓളം മൈക്രോ ഫുൾഫിൽമെന്റ് സെന്ററുകൾ സ്ഥാപിക്കുകയും ചെയ്തു. മിന്ത്രയാകട്ടെ, തങ്ങളുടെ ആകെ ഡെലിവറി ശൃംഖലയുടെ 98 ശതമാനം പ്രദേശങ്ങളിലും അതിവേഗ വിതരണം സാധ്യമാക്കുന്നുണ്ട്.

പരമ്പരാഗത ഇ-കോമേഴ്‌സിന്റെ വലിയ ഉൽപ്പന്നശേഖരവും ക്വിക്ക് കോമേഴ്‌സിന്റെ അതിവേഗതയും ഒത്തുചേരുന്ന ഒരു പുതിയ മത്സരത്തിനാണ് ഇത്തവണത്തെ ദീപാവലി വിപണി സാക്ഷ്യം വഹിക്കുന്നത്. മുൻകാലങ്ങളിൽ വിലക്കിഴിവുകൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ചിരുന്ന കമ്പനികൾ, ഇന്ന് ലോജിസ്റ്റിക്സ് മികവും വിതരണ വേഗതയും പ്രധാന ആയുധമാക്കുന്നു. ഉത്സവത്തിന് ഒരു മാസം മുമ്പ് തന്നെ ഈ പോരാട്ടം ആരംഭിക്കുന്നതിലൂടെ, അവസാന ആഴ്ചയിലെ തിരക്കുകൾക്ക് മുൻപ് പരമാവധി ബിസിനസ്സ് സ്വന്തമാക്കാൻ ഇ-കൊമേഴ്‌സ് ഭീമന്മാർക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlights:Amazon, Flipkart and Myntra are expanding quick-commerce services ahead of the Diwali shopping season.Quick delivery is moving beyond groceries to electronics, home appliances, fashion and gifts.

dot image
To advertise here,contact us
dot image