

സനാ: ഹൂതികളുടെ ശക്തികേന്ദ്രമായ തായിസിലെ സുപ്രധാന മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തെന്ന അവകാശവാദവുമായി യെമന്‍ സൈന്യം . സൗദിക്കുനേരെ മിസൈല്‍ ഭീഷണി ഉയര്‍ത്തുന്നത് ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാന നഗരമായ സനാ, സാദാ, അമരാന്‍ പോലുള്ള ഗവര്‍ണറ്റുകളാണെന്നാണ് സൗദി ചൂണ്ടിക്കാട്ടുന്നത്. യെമന്‍ സൈന്യം ലക്ഷ്യം വയ്ക്കുന്നതും ഈ മേഖലകളാണെന്നാണ് സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.
ബാബ് അല്‍-മന്‍ദെബിന് കിഴക്കുള്ള പ്രദേശങ്ങളും ഉയര്‍ന്ന പ്രദേശങ്ങളും മലനിരകളും പിടിച്ചെടുക്കാനുള്ള തീവ്രമായ പോരാട്ടമാണ് ഹൂതികളും യെമന്‍ സൈന്യവും നടത്തുന്നത്. തായിസിന്റെ തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ ഭാഗം പിടിച്ചെടുക്കുകയാണ് ഇരു വിഭാഗവും ലക്ഷ്യമിടുന്നത്. ഇവിടെ നിയന്ത്രണം നേടുന്നവര്‍ക്ക് പ്രദേശത്തിന്മേല്‍ മേല്‍ക്കൈയും നിര്‍ണായകമായ സൈനികാധിപത്യവും ലഭിക്കും. ചെങ്കടല്‍ തീരത്തുള്ള മോച്ചയും മറ്റ് തന്ത്രപ്രധാനമായ കേന്ദ്രങ്ങളും നിയന്ത്രണത്തിലാക്കാന്‍ യെമന്‍ സര്‍ക്കാരിന് ആദ്യം മോച്ചയ്ക്ക് കിഴക്കുള്ള മലനിരകളില്‍ നിന്ന് ഹൂതികളെ തുരത്തേണ്ടതുണ്ട്. മോച്ച നഗരവും ബാബ് അല്‍-മന്‍ദെബും ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണെന്നാണ് ഹൂതികളുടെ അവകാശവാദം. ഇരുപക്ഷവും തങ്ങളുടെ മാധ്യമ പ്രചാരണങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇതൊരു മാധ്യമ യുദ്ധം കൂടിയായി മാറിയിയിട്ടുണ്ടെന്നാണ് വിമർശനം.
ഇതിനിടെ തെക്കന്‍ തുറമുഖ നഗരമായ ഏദനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. യെമന്‍ അതിര്‍ത്തിക്ക് സമീപമുള്ള നജ്റാന്‍ വിമാനത്താവളം, ജസാനിലെ കിംഗ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവ ലക്ഷ്യമാക്കി തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സൗദി അറേബ്യ അറിയിച്ചു.
അതേസമയം ഇറാനുമായുള്ള യുദ്ധം മര്യാദയ്‌ക്കോ അത്ര മര്യാദ ഇല്ലാതെയോ അവസാനിക്കുമെന്നാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മേരി ലാന്റില്‍ നടന്ന പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഹോര്‍മൂസില്‍ കപ്പല്‍ നീക്കം യുദ്ധത്തിന് മുമ്പുള്ള പോലെ സജീവമായിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ വേദനജനകവും വിനാശകരവുമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Yemen’s army has claimed control of a key area in Taiz, described as a major Houthi stronghold. Saudi Arabia has identified Houthi-controlled governorates including Sanaa, Saada and Amran as sources of missile threats, while Yemen’s army said these regions remain among its targets.