

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ പ്രതിപക്ഷ നേതാവിനെതിരെ ഉയരുന്ന സങ്കുചിത വിദ്വേഷ പ്രചാരണങ്ങൾക്ക് ഇടം നൽകി ദേശീയ മാധ്യമങ്ങൾ. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചിനിടെ ഒമ്പത് മണിക്കൂറിലേറെ ആകാശവാണി ഭവനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയുടെ ഇടപെടൽ രാജ്യവ്യാപക ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കവെയാണ് ദേശീയ മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിക്കാണിക്കുന്ന വിമർശനങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച ‘സേവ് ഡെമോക്രസി മാർച്ചിനിടെ’ രാഹുൽ ഗാന്ധി ചിക്കൻ റോൾ കഴിക്കുന്നതായി ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിപ്പിച്ചാണ് ഒരു വിഭാഗം സങ്കുചിത വിദ്വേഷ പ്രചാരണം നടത്തുന്നത്.
രാജ്യം ചർച്ച ചെയ്യുന്ന ഗൗരവമായ ഒരു വിഷയത്തിൻ്റെ ഫോക്കസ് മാറ്റാനുള്ള ശ്രമമായാണ് രാഹുൽ ഗാന്ധി ചിക്കൻ റോൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യമെന്ന ചർച്ചകളും ഉയരുന്നുണ്ട്. അതിനാൽ തന്നെ ദേശീയ മാധ്യമങ്ങൾ ഇത്തരത്തിൽ രാഹുൽ ഗാന്ധിക്കെതിരായി ഉയരുന്ന വിമർശനങ്ങൾക്ക് പ്രധാന്യം നൽകുന്നതിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും പൊലീസ് നടപടികളും ദേശീയ മാധ്യമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നില്ല. ദേശീയ മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങളെ അവഗണിച്ചതും ചർച്ചയായിട്ടുണ്ട് .
പിതൃപക്ഷത്തിലെ ചൊവ്വാഴ്ച നോൺ വെജിറ്റേറിയനോ എന്ന ചോദ്യമുയർത്തിയാണ് ഒരു വിഭാഗം രാഹുൽ ഗാന്ധിയുടെ വീഡിയോ പ്രചരിക്കുന്നത്. പൂർവികരെ അനുസ്മരിക്കുന്ന ആചാരങ്ങളുടെ ഭാഗമായി നിരവധി ഹിന്ദുക്കൾ പിതൃപക്ഷത്തിൽ ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കാറുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ച പിതൃപക്ഷത്തിലെ വിശുദ്ധ ദിവസമാണെന്നാണ് വിമർശനം ഉന്നയിക്കുന്നവർ പറയുന്നത്. ചിക്കൻ റോൾ കഴിച്ച രാഹുൽ ഗാന്ധിയുടെ ഹിന്ദു വിശ്വാസത്തെയാണ് ഈ വിമർശനം ഉന്നയിക്കുന്നവർ ചോദ്യം ചെയ്യുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതും വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും മതപരമായ ആചാരങ്ങൾ പാലിക്കണമോ വേണ്ടയോ എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നുമാണ് ഇക്കൂട്ടർ വാദിക്കുന്നത്.
Content Highlights: Rahul Gandhi faces social media backlash over a video allegedly showing him eating a chicken roll during the Opposition's Save Democracy March in Delhi