

ന്യൂഡൽഹി: ആഗോള വിപണിയിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണ്ണവിലയിൽ വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഈ വർഷം ജനുവരിയിൽ രേഖപ്പെടുത്തിയ 5,595 ഡോളർ എന്ന റെക്കോർഡ് നിരക്കിൽ നിന്നും 27 ശതമാനത്തോളം ഇടിഞ്ഞ് നിലവിൽ സ്വർണ്ണവില 'ബെയർ മാർക്കറ്റ്' പരിധിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. എന്നാൽ, സ്വർണ്ണത്തിന്റെ ഈ വിലയിടിവ് ഇവിടെക്കൊണ്ടും അവസാനിച്ചേക്കില്ലെന്നും, നിലവിലെ നിരക്കിൽ നിന്നും 16 ശതമാനം വരെ ഇടിഞ്ഞ് വില ഔൺസിന് 3400-3500 ഡോളർ നിരക്കിലേക്ക് താഴാൻ സാധ്യതയുണ്ടെന്നുമാണ് പ്രമുഖ വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
പശ്ചിമേഷ്യയിലെ (മിഡിൽ ഈസ്റ്റ്) യുദ്ധസാഹചര്യങ്ങളും തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളുമാണ് സ്വർണ്ണവിലയെ പ്രധാനമായും ബാധിച്ചത്. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില 4 ശതമാനം ഉയർന്നതും, അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതുമാണ് വില കുത്തനെ ഇടിയാൻ കാരണമായത്. ഇതേത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 1.5 ശതമാനം ഇടിഞ്ഞ് 4,057 ഡോളറിലേക്ക് എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തിന് ശേഷം മാത്രം രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ 23 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
വിപണിയിൽ നിലവിൽ ഇടിവ് ദൃശ്യമാണെങ്കിലും സ്വർണ്ണത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റം പോസിറ്റീവ് തന്നെയണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് ഹെഡ് ഹരീഷ് വി. വ്യക്തമാക്കുന്നു. കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ സ്വർണ്ണവില ഇരട്ടിയായതിനാൽ തന്നെ വിപണിയിൽ ഇത്തരം ഒരു സാങ്കേതിക തിരുത്തൽ സ്വാഭാവികമാണെന്നും, 3,400–3,500 ഡോളർ നിരക്കിൽ സ്വർണ്ണത്തിന് ശക്തമായ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
സാംകോ സെക്യൂരിറ്റീസിന്റെ റിസർച്ച് ഹെഡ് അപൂർവ ഷേത്ത് വ്യക്തമാക്കുന്നത് 4,000 ഡോളർ എന്നത് സ്വർണ്ണത്തിന് നിർണ്ണായകമായ ഒരു സപ്പോർട്ട് ലെവൽ ആണെന്നാണ്. വിപണിയിൽ കടുത്ത ആശങ്ക ഉണ്ടായാൽ പോലും വില 3,500 ഡോളർ വരെ താഴാം. എങ്കിലും അടുത്ത 3 വർഷത്തിനുള്ളിൽ സ്വർണ്ണവില ഔൺസിന് 7,000 ഡോളർ വരെ ഉയരുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
എച്ച്എസ്ബിസി സ്വർണ്ണത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം 4,864 ഡോളറിൽ നിന്നും 4,560 ഡോളറായി നേരിയ തോതിൽ കുറച്ചിട്ടുണ്ടെങ്കിലും, ആഗോള സാമ്പത്തിക പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് തുടരുമെന്ന് തന്നെ വ്യക്തമാക്കുന്നു.
വില കുറയുന്ന ഈ സാഹചര്യം സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അവസരമാണെന്നാണ് വിദഗ്ധരുടെ പൊതുവായ അഭിപ്രായം. "ഓരോ വിലയിടിവിനെയും ഒരു വാങ്ങൽ അവസരമായി (Buying Opportunity) കാണാം," എന്ന് ഹരീഷ് വി. നിരീക്ഷിക്കുന്നു. ഇൻവാസ്സെറ്റ് പിഎംഎസിന്റെ ബിസിനസ് ഹെഡ് ഹർഷൽ ദസാനി വ്യക്തമാക്കുന്നത്, അടുത്ത 12 മാസത്തിനുള്ളിൽ സ്വർണ്ണവില 4,700 മുതൽ 5,200 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്നാണ്. അതുകൊണ്ട് തന്നെ വില 3,900 മുതൽ 4,000 ഡോളർ സോണിലേക്ക് താഴുന്നത് സ്വർണ്ണ വിപണി തകരുന്നതിന്റെ ലക്ഷണമായി കാണേണ്ടതില്ലെന്നും, മറിച്ച് കൂടുതൽ സ്വർണ്ണം വാങ്ങി കൂട്ടാനുള്ള സുവർണ്ണാവസരമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിപണിയിൽ സ്വർണ്ണത്തിന്റെ മൂല്യം ഇടിയാതെ കാക്കുന്ന മറ്റൊരു പ്രധാന ഘടകം ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണ്ണം വാങ്ങി ശേഖരിക്കുന്നതാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) റിപ്പോർട്ട് പ്രകാരം, ആഗോള സാമ്പത്തിക വളർച്ചാ മാന്ദ്യം ഭയന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കേന്ദ്ര ബാങ്കുകൾ സ്വർണ്ണ കരുതൽ ശേഖരം ഉയർത്തുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ മാത്രം കേന്ദ്ര ബാങ്കുകൾ 337 ടൺ സ്വർണ്ണമാണ് വാങ്ങിക്കൂട്ടിയത്, ഇത് റെക്കോർഡ് നേട്ടമാണ്. കഴിഞ്ഞ നാല് വർഷമായി പ്രതിവർഷം ശരാശരി 1,000 ടൺ സ്വർണ്ണമാണ് ബാങ്കുകൾ ശേഖരിക്കുന്നത്.
Content Highlights: Gold prices could fall by as much as 16% from current levels, offering temporary relief to buyers and investors. However, market experts caution that the decline may not last long, as global economic uncertainty, central bank demand, interest rate expectations, and geopolitical risks could push gold prices higher again in the future.