

ലണ്ടൻ: ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കി ഇറാൻ പിടിമുറുക്കുന്നതോടെ, മേഖലയിലൂടെയുള്ള എണ്ണ-വാതക കപ്പൽ ഗതാഗതം ഇനി ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര സാമ്പത്തിക-ഊർജ്ജ വിദഗ്ദ്ധർ. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതത്തിൽ നേരിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പഴയ നിരക്കിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ഇതിനിടയിൽ, വരും ആഴ്ചകളിൽ ആഗോള വിപണിയെ പിടിച്ചുകുലുക്കുന്ന രീതിയിൽ വലിയ തോതിലുള്ള എണ്ണക്ഷാമം അനുഭവപ്പെടാൻ പോകുകയാണെന്ന് ആഗോള എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകുന്നു.
ഇറാന്റെ നിയന്ത്രണം
അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ചാണ് നിലവിൽ ചർച്ചകൾ നടത്തുന്നത്. എന്നിരുന്നാലും, വരുംകാലങ്ങളിലും ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന്റെ പക്കൽ തന്നെയായിരിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സീനിയർ നാഷണൽ സെക്യൂരിറ്റി ആൻഡ് എനർജി അഡ്വൈസർ ആമോസ് ഹോച്ച്‌സ്റ്റൈൻ വ്യക്തമാക്കിയത്. ഇറാന്റെ ഈ നിയന്ത്രണം നിലനിൽക്കുന്നിടത്തോളം ഇതുവഴിയുള്ള എണ്ണ ഒഴുക്ക് വലിയ തോതില്‍ കുറയുമെന്നാണ് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് കമ്പനിയായ 'ആർബിസി കാപ്പിറ്റൽ മാർക്കറ്റും' ചൂണ്ടിക്കാണിക്കുന്നത്.
നിലവിൽ പെന്റഗണിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം യു.എസ് നേവി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ അതീവ രഹസ്യമായി സഹായം നൽകുന്നുണ്ടെങ്കിലും, ഇത് പഴയ രീതിയിലുള്ള സുഗമമായ ഗതാഗതത്തിന് ഒട്ടും പകരമാകുന്നില്ല. കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ളതിന്റെ 60 മുതൽ 70 ശതമാനം വരെയായി തിരിച്ചുപിടിക്കാൻ സാധിച്ചേക്കുമെങ്കിലും എല്ലാ രാജ്യങ്ങളോടും ഒരേ സമീപനമായിരിക്കില്ല ഇറാൻ സ്വീകരിക്കുക. ചൈനീസ് കപ്പലുകൾക്ക് ഇറാൻ പ്രത്യേക പരിഗണന നൽകാൻ സാധ്യതയുണ്ട്.
എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ കടലിടുക്കിലൂടെ കടന്നുപോകാൻ വലിയ തുക നികുതിയായി നൽകേണ്ടി വരും. ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് പെട്ടെന്ന് വഴിമാറില്ലെങ്കിലും, കപ്പലുകളുടെ യാത്രാ സ്വാതന്ത്ര്യത്തിന് പകരം രാഷ്ട്രീയ ചായ്‌വുകൾ നോക്കി മാത്രം യാത്രാനുമതി നൽകുന്ന ഒരു പുതിയ രീതിക്ക് ഇത് കാരണമാകും.
വിപണിയിൽ നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ നിന്നും 93 ഡോളറിലേക്കും, ഡബ്ല്യുറ്റിഐ വില 90 ഡോളറിന് താഴേക്കും നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെങ്കിലും ഇത് താൽക്കാലികം മാത്രമാണെന്ന് വിദഗ്ദ്ധർ പറയുന്നു. പേർഷ്യൻ ഗൾഫിലെ പ്രതിസന്ധി തുടർന്നാൽ എണ്ണവില ബാരലിന് 120 മുതൽ 150 ഡോളർ വരെ ഉയർന്നേക്കാം.
ലോകത്തെ പ്രമുഖ എണ്ണക്കമ്പനികളായ എക്സോൺ ഷെവ്റോൺ എന്നിവയുടെ തലവന്മാർ നിലവിലെ കുറഞ്ഞ എണ്ണശേഖരത്തെക്കുറിച്ച് കടുത്ത ആശങ്കയാണ് പങ്കുവെക്കുന്നത്. വിപണിയിലെ എണ്ണശേഖരം മുൻപെങ്ങുമില്ലാത്തവിധം വളരെ താഴ്ന്ന നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും, രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ ഈ കുറവ് വിപണിയെ ബാധിക്കുകയും വില കുത്തനെ ഉയരുകയും ചെയ്യുമെന്ന് എക്സോൺ സീനിയർ വൈസ് പ്രസിഡന്റ് നീൽ ചാപ്മാൻ വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ഫെബ്രുവരി അവസാനം ഇറാനെതിരെ മിസൈൽ ആക്രമണം നടത്തുന്നതിന് മുൻപ് അമേരിക്കയുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം 415.4 ദശലക്ഷം ബാരലായിരുന്നുവെങ്കിൽ, ഇപ്പോൾ അത് തുടർച്ചയായി ഇടിഞ്ഞ് 365.1 ദശലക്ഷം ബാരലായി ചുരുങ്ങിയെന്ന് ഷെവ്റോൺ ചീഫ് എക്സിക്യൂട്ടീവ് മൈക്ക് വിർത്ത് ചൂണ്ടിക്കാട്ടി.
വിലപേശലുകൾക്കും ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും അപ്പുറം വിപണിയിലെ യഥാർത്ഥ പ്രതിസന്ധി ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരത്തോടെയോ ആഗോളതലത്തിൽ പൂർണ്ണമായി പ്രതിഫലിച്ചു തുടങ്ങുമെന്നും എണ്ണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നും ഷെവ്റോൺ മേധാവി സ്ഥിരീകരിക്കുന്നു.
Content Highlights: Iran’s tightening control over the Strait of Hormuz has heightened concerns about global energy supplies. As uncertainty persists over shipping and regional security, analysts warn that crude oil prices could rise sharply if disruptions continue. The strategic waterway handles a significant share of global oil trade, making developments there closely watched by markets worldwide