

കൊച്ചി: വൻകിട വ്യവസായ നഗരങ്ങളെയും ഐടി തലസ്ഥാനങ്ങളെയും പിന്നിലാക്കി രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ മുൻനിരയിലേക്ക് കുതിച്ചുയർന്ന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ എം3എം ഹുറുൺ പുറത്തുവിട്ട ഇന്ത്യ റിച്ച് ലിസ്റ്റ് 2026-ലാണ് തൃശൂർ ദേശീയതലത്തിൽ പത്താം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ അതിസമ്പന്ന നഗരങ്ങളുടെ ആദ്യ പത്തിൽ ഇടംപിടിച്ച കേരളത്തിലെ ഏക നഗരവും തൃശൂരാണ്.
നഗരത്തിൽ താമസക്കാരായ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി മാത്രം 1.73 ലക്ഷം കോടി രൂപയോളം വരും. ഇന്ത്യയിലെ വൻകിട വ്യാവസായിക കേന്ദ്രങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് തൃശൂർ കാഴ്ചവെച്ചിരിക്കുന്നത്.
സ്വർണം, ജ്വല്ലറി, ബാങ്കിങ് ഇതര ധനകാര്യം (NBFC), റീട്ടെയിൽ മേഖലകളിലെ വിശ്വസനീയമായ പാരമ്പര്യമാണ് തൃശൂരിനെ ഈ അഭിമാനകരമായ നേട്ടത്തിലേക്ക് നയിച്ചത്
ജോയ് ആലുക്കാസ്: 1,02,200 കോടി രൂപയുടെ ആസ്തിയോടെ കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന പദവി നിലനിർത്തി. ദേശീയതലത്തിൽ 21-ാം റാങ്കാണ് ഇദ്ദേഹത്തിനുള്ളത്.
ടിഎസ് കല്യാണരാമനും കുടുംബവും (കല്യാൺ ജൂവലേഴ്സ്): 40,900 കോടി രൂപയുടെ ആസ്തിയോടെ ദേശീയതലത്തിൽ 64-ാം റാങ്ക്.
വിപി നന്ദകുമാർ (മണപ്പുറം ഫിനാൻസ്): 15,900 കോടി രൂപയുടെ ആസ്തി (ദേശീയ റാങ്ക്: 235).
ജോസ് ആലുക്കാസും കുടുംബവും: 14,000 കോടി രൂപയുടെ സമ്പത്ത് (ദേശീയ റാങ്ക്: 268).
ഒറ്റ ഷോറൂമിൽ നിന്ന് തുടങ്ങി വിശ്വസ്തത കൈമുതലാക്കി ലോകമെമ്പാടും പടർന്നുപന്തലിച്ച ആഗോള ബ്രാൻഡുകളായി മാറിയ തൃശൂരിലെ ബിസിനസ് സംസ്കാരം രാജ്യത്തിന് തന്നെ വലിയ മാതൃകയാണെന്ന് ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടി.
ലോകത്തെ മുൻനിര 1000 നഗരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2026-ൽ കൊച്ചിയെയടക്കം മറികടന്ന് മികച്ച മുന്നേറ്റം നടത്തിയതിന് തൊട്ടുപിന്നാലെയാണ് തൃശൂരിനെ തേടി ഹുറുൺ പട്ടികയിലെ ഈ വലിയ അംഗീകാരമെത്തുന്നത്. ദേശീയതലത്തിൽ 93 ശതകോടീശ്വരന്മാരുമായി മുംബൈയാണ് ഒന്നാം സ്ഥാനത്ത്. ന്യൂഡൽഹി (68), അഹമ്മദാബാദ് (13) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം എന്നീ നഗരങ്ങളാണ് തൃശൂരിന് മുന്നിലുള്ള മറ്റ് നഗരങ്ങൾ.
ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ കേരളത്തിൽ നിന്ന് ആകെ 32 വ്യവസായികളാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവരുടെ ആകെ ആസ്തി 6.3 ലക്ഷം കോടി രൂപയോളമാണ്. പ്രവാസി വ്യവസായി എം.എ. യൂസഫലി (നാട്ടിക/യുഎഇ), കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (കൊച്ചി), എം.പി. രാമചന്ദ്രൻ (ജ്യോതി ലാബ്സ്/മുംബൈ) തുടങ്ങിയ പ്രമുഖരുടെ തൃശൂർ വേരുകൾ കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സാമ്പത്തിക ഭൂപടത്തിൽ തൃശൂരിന്റെ സ്വാധീനം സമാനതകളില്ലാത്തതാണെന്ന് വ്യക്തമാകുന്നു.
Content Highlights: Thrissur, popularly known as Pooranagri, has featured on a list of India’s richest cities and is the only city from Kerala included in the ranking. The city has a strong economic base supported by business, finance, gold and jewellery, retail and other sectors. Its presence on the list highlights Thrissur’s significant role in Kerala’s economy.