സ്‌പേസ്‌എക്‌സ് ചതിച്ചാശാനേ... ഒറ്റയടിക്ക് കൂപ്പുകുത്തി ഇലോൺ മസ്‌കിന്റെ സമ്പത്ത്

സ്‌പേസ്‌എക്‌സ് ജൂൺ 16-ന് ഓഹരിക്ക് 201.80 ഡോളർ എന്ന ഉയർന്ന നിലവാരത്തിലെത്തിയിരുന്നു

സ്‌പേസ്‌എക്‌സ് ചതിച്ചാശാനേ... ഒറ്റയടിക്ക് കൂപ്പുകുത്തി ഇലോൺ മസ്‌കിന്റെ സമ്പത്ത്
dot image

ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ ഇലോൺ മസ്‌കിന്റെ ആസ്തി മൂല്യത്തിൽ വലിയ ഇടിവ് നേരിട്ടതായി റിപ്പോർട്ട്. സ്‌പേസ്‌എക്‌സ് ഓഹരികൾ കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് മസ്‌കിന്റെ വ്യക്തിഗത സമ്പത്തും ജൂണിലെ സ്‌പേസ്‌എക്‌സ് ഐപിഒയ്ക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തിയതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

സ്‌പേസ്‌എക്‌സ് ഓഹരി ജൂൺ 16-ന് ഒരു ഓഹരിക്ക് 201.80 ഡോളർ എന്ന ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ അതിനുശേഷം ഓഹരിവില ഏകദേശം 46 ശതമാനം ഇടിഞ്ഞ് 108.37 ഡോളർ എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി. ഇതാണ് കമ്പനിയുടെ വിപണി മൂല്യത്തെയും മസ്‌കിന്റെ സമ്പത്തിനെയും പ്രതികൂലമായി ബാധിച്ചത്.

അടുത്ത മാസം കമ്പനിയിലെ ഇൻസൈഡർമാരുടെയും ആദ്യകാല നിക്ഷേപകരുടെയും കൈവശമുള്ള 911.5 ദശലക്ഷം ഓഹരികളുടെ ലോക്ക് ഇൻ കാലാവധി അവസാനിക്കാനിരിക്കുകയാണ്. ഇതോടെ കൂടുതൽ ഓഹരികൾ വിപണിയിലെത്താൻ സാധ്യതയുള്ളതിനാൽ വിൽപ്പന സമ്മർദ്ദം വീണ്ടും വർധിക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിലുണ്ട്.

ജൂണിൽ നടന്ന സ്‌പേസ്‌എക്‌സ് ഐപിഒ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വിൽപ്പനകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. ലിസ്റ്റിംഗിന് പിന്നാലെ ഓഹരി കുതിച്ചുയർന്നതോടെ മസ്‌കിന്റെ ആസ്തി മൂല്യം വൻതോതിൽ ഉയർന്നിരുന്നു. എന്നാൽ ഉയർന്ന മൂല്യനിർണയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം ഓഹരികൾ പിന്നീട് കനത്ത സമ്മർദ്ദത്തിലായി.

അതേസമയം വിപണി ഇടിവിനിടയിലും ഇലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളായി തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും സ്‌പേസ്‌എക്‌സ് ഓഹരിയിലെ കനത്ത ഇടിവ് അദ്ദേഹത്തിന്റെ സമ്പത്തിൽ നൂറുകണക്കിന് ബില്യൺ ഡോളറിന്റെ കുറവുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

Content Highlights: Elon Musk’s Fortune Slumps to Pre-SpaceX IPO Levels After Rout

dot image
To advertise here,contact us
dot image