ഇപിഎഫ്ഒ 3.0: ഇനി ആനുകൂല്യങ്ങള്‍ ശമ്പളജീവനക്കാർക്ക് മാത്രമല്ല, വമ്പന്‍ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ

പദ്ധതി നടപ്പായാല്‍ ഇന്ത്യയുടെ സാമൂഹിക സുരക്ഷാ സംവിധാനത്തിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നായിരിക്കും ഇത്

ഇപിഎഫ്ഒ 3.0: ഇനി ആനുകൂല്യങ്ങള്‍ ശമ്പളജീവനക്കാർക്ക് മാത്രമല്ല, വമ്പന്‍ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ
dot image

രാജ്യത്തെ വിരമിക്കല്‍ സുരക്ഷാ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഇപിഎഫ്ഒ 3.0 പരിഷ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ പദ്ധതിയിലൂടെ ശമ്പളജീവനക്കാര്‍ക്ക് പുറമെ ഗിഗ് തൊഴിലാളികള്‍, പ്ലാറ്റ്‌ഫോം തൊഴിലാളികള്‍, അസംഘടിത മേഖലയിലെ ജീവനക്കാര്‍ എന്നിവരെയും ഉള്‍പ്പെടുത്തി സര്‍വസാധാരണ പെന്‍ഷന്‍ സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ഈ നിര്‍ദേശം രൂപീകരണ ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. പദ്ധതി നടപ്പായാല്‍ ഇന്ത്യയുടെ സാമൂഹിക സുരക്ഷാ സംവിധാനത്തിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നായിരിക്കും ഇത്.

പുതിയ പെന്‍ഷന്‍ മാതൃക

റിപ്പോര്‍ട്ട് പ്രകാരം, പുതിയ പദ്ധതി പെന്‍ഷന്‍ സംഭാവനാ മാതൃകാ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ജോലി ചെയ്യുന്ന കാലയളവില്‍ ജീവനക്കാരുടെ സംഭാവനകള്‍ നിലവിലെ ഇപിഎഫ് പോലെ സമാഹരിക്കും. ഈ തുക സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപങ്ങളില്‍ വിനിയോഗിക്കുകയും വാര്‍ഷിക പലിശ നല്‍കുകയും ചെയ്യും. വിരമിക്കുമ്പോള്‍ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ആന്വിറ്റി വാങ്ങി പ്രതിമാസമോ നിശ്ചിത ഇടവേളകളിലോ സ്ഥിരമായ പെന്‍ഷന്‍ ലഭിക്കുക എന്ന രീതിയിലും എസ്‌ഐപി വഴി വിരമിക്കല്‍ ഫണ്ടില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ പണം പിന്‍വലിക്കുക എന്ന രീതിയിലും. വിരമിക്കുന്നതുവരെ പദ്ധതി നിലവിലെ പി.എഫ് പോലെ പ്രവര്‍ത്തിക്കും. വിരമിച്ച ശേഷം അത് നിങ്ങള്‍ തിരഞ്ഞെടുത്ത സംവിധാനത്തിലേക്ക് മാറും.

നിലവിലെ ഇപിഎഫ് സംവിധാനത്തില്‍ വിരമിക്കുമ്പോള്‍ ഒറ്റത്തുകയായി പണം ലഭിക്കുന്ന രീതിയാണുള്ളത്. എന്നാല്‍ പുതിയ സംവിധാനം സ്ഥിരമായ വിരമിക്കല്‍ വരുമാനം ഉറപ്പാക്കാന്‍ കൂടുതല്‍ സൗകര്യം നല്‍കും. പുതിയ പദ്ധതിയിലെ പ്രധാന സവിശേഷതകളിലൊന്നാണ് ടാര്‍ഗറ്റ് റിട്ടയര്‍മെന്റ് സം അനുസരിച്ച് അംഗങ്ങള്‍ക്ക്

  • വിരമിക്കുമ്പോള്‍ എത്ര തുക വേണമെന്ന് മുന്‍കൂട്ടി ലക്ഷ്യമിടാം
  • ഏത് പ്രായത്തിലാണ് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് രേഖപ്പെടുത്താം
  • അതിന്റെ അടിസ്ഥാനത്തില്‍ ആ ലക്ഷ്യം കൈവരിക്കാന്‍ ഓരോ വര്‍ഷവും എത്ര സംഭാവന നല്‍കണമെന്നത് ഇപിഎഫ്ഒ കണക്കാക്കി നിര്‍ദേശിക്കും.

ഓരോ അംഗത്തിനും വ്യക്തിഗത ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ് ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഇതുവരെ സമാഹരിച്ച നിക്ഷേപം, വിരമിക്കല്‍ തുക, നിലവിലെ സംഭാവനയുടെ പുരോഗതി, വിരമിക്കുമ്പോള്‍ പിന്‍വലിക്കാവുന്ന തുക എന്നിവ തത്സമയം പരിശോധിക്കാന്‍ സാധിക്കും. പുതിയ ഇപിഎഫ്ഒ 3.0 പദ്ധതി നടപ്പായാല്‍ ശമ്പള ജീവനക്കാര്‍ക്ക് പുറമെ ഗിഗ് തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്കും ദീര്‍ഘകാല വിരമിക്കല്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

Content Highlights: The proposed EPFO 3.0 reforms aim to introduce a universal pension system for salaried, gig and unorganised workers, offering flexible retirement income options through annuity or systematic withdrawals

dot image
To advertise here,contact us
dot image