മൂന്ന് ദിവസമായി ലോവർ സർക്യൂട്ടിൽ; ഒരു മാസത്തിനുള്ളിൽ 34% ഇടിഞ്ഞ് എംടാർ ടെക്നോളജീസ് ഓഹരികൾ

കമ്പനിയുടെ ഓർഡർ ബുക്ക് ശക്തമാണ്

മൂന്ന് ദിവസമായി ലോവർ സർക്യൂട്ടിൽ; ഒരു മാസത്തിനുള്ളിൽ 34% ഇടിഞ്ഞ് എംടാർ ടെക്നോളജീസ് ഓഹരികൾ
dot image

ഒരുകാലത്ത് കുതിച്ചുയർന്ന് നിക്ഷേപകരെ അമ്പരപ്പിച്ച ഓഹരി, ഇപ്പോൾ തുടർച്ചയായ ഇടിവിന്റെ പാതയിലാണ് എംടാർ ടെക്നോളോജിസ് . മൂന്ന് ട്രേഡിങ് ദിവസങ്ങളിലായി 5 ശതമാനം ലോവർ സർക്യൂട്ടാണ് ഓഹരികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധം, ബഹിരാകാശം, ന്യൂക്ലിയർ, ക്ലീൻ എനർജി മേഖലകൾക്കായി അത്യാധുനിക എൻജിനിയറിങ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് എംടാർ ടെക്നോളോജിസ്. ജൂൺ മാസത്തിൽ ഓഹരി റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.

എന്നാൽ അതിന് പിന്നാലെ സ്ഥിതി പൂർണമായും മാറി. കഴിഞ്ഞ മൂന്ന് ദിവസത്തെ ശക്തമായ ഇടിവിനു പിന്നാലെ ജൂണിലെ ഉയർന്ന നിലവാരത്തിൽ നിന്ന് ഓഹരി വില ഏകദേശം 34 ശതമാനം താഴെയെത്തി.വിപണിയിലെ വില്പന സമ്മർദ്ദമാണ് പ്രധാന കാരണം. അടുത്തിടെ പുറത്തുവന്ന ഓഹരി ഉടമസ്ഥാവകാശ കണക്കുകൾ പ്രകാരം, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കമ്പനിയിലെ ഓഹരി വിഹിതം കുറച്ചിട്ടുണ്ട്. മാർച്ച് പാദത്തിലെ 23.49 ശതമാനത്തിൽ നിന്ന് ജൂൺ പാദത്തിൽ ഇത് 20.36 ശതമാനമായി കുറഞ്ഞു. ഇത് നിക്ഷേപകരുടെ വികാരത്തെയും ബാധിച്ചതായി വിലയിരുത്തപ്പെടുന്നു.

വൻ ഓർഡറുകളും ഡാറ്റാ സെന്റർ, പ്രതിരോധ മേഖലകളിലെ വളർച്ചാ പ്രതീക്ഷയുമെല്ലാം ഏതാനും ആഴ്ചകൾക്ക് മുമ്പ് ഓഹരിയെ വലിയ ഉയർച്ചയിലെത്തിച്ചിരുന്നു. എന്നാൽ അതിവേഗ കുതിപ്പിന് പിന്നാലെ ഇപ്പോൾ ലാഭമെടുപ്പും ശക്തമായ വിൽപ്പനയും ഓഹരിയെ തിരിച്ചടിച്ചിരിക്കുകയാണ്.

അതേസമയം ഓഹരിയുടെ ദീർഘകാല ചിത്രം പരിശോധിക്കുമ്പോൾ സാഹചര്യം വ്യത്യസ്തമാണെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. പ്രതിരോധം, ബഹിരാകാശം, ന്യൂക്ലിയർ, ക്ലീൻ എനർജി തുടങ്ങിയ ഉയർന്ന വളർച്ചാ സാധ്യതയുള്ള മേഖലകൾക്കായി അത്യാധുനിക എൻജിനിയറിങ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയെന്ന നിലയിൽ ഐഎസ്ആർഓ ഡിആർഡിഒ ന്യൂക്ലിയർ പവർ കോർപ്പറേഷൻ എന്നിവ ഉൾപ്പെടെ നിരവധി നിർണായക സ്ഥാപനങ്ങളുമായി കമ്പനിക്ക് ദീർഘകാല ബന്ധമുണ്ട്. വിദേശ കമ്പനികളുമായും എംടാർ ബിസിനസ് നടത്തുന്നുണ്ട്.

ബ്രോക്കറേജ് സ്ഥാപനങ്ങൾ പറയുന്നത്, നിലവിലെ തിരുത്തൽ കഴിഞ്ഞ മാസങ്ങളിലെ അതിവേഗ റാലിക്ക് ശേഷമുള്ള സ്വാഭാവിക നീക്കമായിരിക്കാമെന്നാണ്. കമ്പനിയുടെ ഓർഡർ ബുക്ക് ശക്തമാണ്. എന്നാൽ ഓഹരിയുടെ മൂല്യനിർണയം ഇപ്പോഴും ഉയർന്ന നിലയിലായതിനാൽ നിക്ഷേപകർ ഒറ്റത്തവണ വലിയ നിക്ഷേപം നടത്താതെ, ഘട്ടംഘട്ടമായി വാങ്ങുന്നതാണ് സുരക്ഷിതമെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നു.

Content Highlights: MTAR Technologies hits 3rd straight 5% lower limit; down 34% from June high

dot image
To advertise here,contact us
dot image