

ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് പ്രാദേശിക പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ വേഗത്തിലാക്കുന്നതായി റിപ്പോർട്ട്. സജ്ജൻ ജിൻഡാൽ നയിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ ബിസിനസിൽ ഓഹരി സ്വന്തമാക്കുന്നതിനുള്ള ചർച്ചകളിലാണ്.
ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കരാറിൽ ധാരണയുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ വഴിയാണ് നടക്കുന്നത്. എന്നാൽ ഇന്ത്യയിൽ വിപണി വിഹിതം ഉയർത്താനും പുതിയ നിക്ഷേപങ്ങൾ വേഗത്തിലാക്കാനും പ്രാദേശിക പങ്കാളിത്തം അനിവാര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഓഹരി വിറ്റഴിക്കലിലൂടെ പുതിയ മൂലധനം സമാഹരിക്കുകയും ആഭ്യന്തര ഉൽപ്പാദനവും പുതിയ മോഡലുകളുടെ വികസനവും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
റഷ്യൻ വിപണിയിൽ നിന്ന് പിന്മാറുകയും ചൈനയിലെ വളർച്ച മന്ദഗതിയിലാകുകയും ചെയ്ത സാഹചര്യത്തിൽ, ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയാണ് ഫോക്‌സ്‌വാഗണിന്റെ പ്രധാന വളർച്ചാ കേന്ദ്രമായി മാറിയിരിക്കുന്നത്. എന്നാൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് വളർച്ച കൈവരിക്കുന്നത് വെല്ലുവിളിയാണെന്നാണ് വിലയിരുത്തൽ.
ജെഎസ്ഡബ്ല്യു ഗ്രൂപ്പാകട്ടെ ഇന്ത്യൻ വാഹന മേഖലയിലെ സാന്നിധ്യം വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ വഴിയുള്ള പ്രവർത്തനങ്ങൾക്ക് പുറമെ മറ്റൊരു ആഗോള വാഹന ബ്രാൻഡുമായും കൈകോർക്കാൻ കമ്പനിക്ക് താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിർമ്മാണശേഷി, നിക്ഷേപശേഷി, വിതരണ ശൃംഖല എന്നിവ ജെഎസ്ഡബ്ല്യുവിനെ ഫോക്‌സ്‌വാഗണിന് അനുയോജ്യമായ പങ്കാളിയാക്കുന്ന ഘടകങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.
കരാർ യാഥാർഥ്യമായാൽ ഇന്ത്യയിൽ ഫോക്‌സ്‌വാഗണിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ വേഗം ലഭിക്കുമെന്നും, ഉൽപ്പാദനം, പുതിയ മോഡലുകൾ, ഇലക്ട്രിക് വാഹന മേഖല എന്നിവയിൽ കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചർച്ചകളെക്കുറിച്ച് ഫോക്‌സ്‌വാഗണും ജെഎസ്ഡബ്ല്യുവും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Content Highlights:Volkswagen in advanced talks to sell stake in India business to JSW