കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നും ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച ഒന്നാണ്. 1958-ല്‍ മില്‍ഖാ സിങ് നേടിയ ചരിത്രപരമായ സ്വര്‍ണം മുതല്‍ ഹിമാ ദാസ് വരെയുള്ള അത്ലറ്റുകളിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ ട്രാക്ക് ഇനങ്ങളില്‍ ഇന്ത്യ എന്നും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.
126 അംഗ കായിക സംഘമാണ് ഗ്ലാസ്‌ഗോയിലേക്ക് പറന്നത്. ഇതില്‍ 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമുണ്ട്. 2022 ബെര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കല മെഡലും നേടി. ആകെ 61 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നടക്കുന്ന 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രാക്ക് ഇനങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്ക് ചിറകേറ്റുന്ന ആറ് പ്രമുഖ അത്ലറ്റുകളെ പരിചയപ്പെടാം.
ഗുല്‍വീര്‍ സിങ് ഇന്ത്യന്‍ ദീര്‍ഘദൂര ഓട്ടത്തിന്റെ മുഖച്ഛായ മാറ്റിയ അത്ലറ്റാണ് ഏഷ്യന്‍ ചാമ്പ്യനായ ഗുല്‍വീര്‍ സിങ്. 3000 മീറ്റര്‍, 5000 മീറ്റര്‍, 10,000 മീറ്റര്‍ ഇനങ്ങളില്‍ പുതിയ ദേശീയ റെക്കോര്‍ഡുകള്‍ കുറിച്ച ഗുല്‍വീര്‍, ഒരു മണിക്കൂറില്‍ താഴെ സമയത്തില്‍ ഹാഫ് മാരത്തണ്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. ഗ്ലാസ്ഗോയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളാണ് ഗുല്‍വീര്‍.
പരുള്‍ ചൗധരി 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലും 5000 മീറ്ററിലും ദേശീയ റെക്കോര്‍ഡിന് ഉടമയായ പരുള്‍ ചൗധരി ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനും ഒളിമ്പ്യനുമാണ്. പ്രമുഖ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന പരുള്‍ ഇത്തവണയും വലിയ മെഡല്‍ പ്രതീക്ഷയാണ് നല്‍കുന്നത്.
വിശാല്‍ ടി.കെ 400 മീറ്റര്‍ ഓട്ടത്തില്‍ 45 സെക്കന്‍ഡ് ബാരിയര്‍ മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടം കുറിച്ച 22-കാരനാണ് വിശാല്‍ ടി.കെ. 44.98 സെക്കന്‍ഡില്‍ ഓടിയെത്തി പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ച വിശാല്‍, ഇന്ത്യന്‍ സ്പ്രിന്റിംഗ് രംഗത്തെ ഏറ്റവും തിളക്കമുള്ള യുവതാരങ്ങളില്‍ ഒരാളാണ്.
രാജേഷ് രമേഷ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ വിജയിയും, ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത ഇന്ത്യയുടെ 4x400 മീറ്റര്‍ റിലേ ടീമിലെ പ്രധാന അംഗവുമാണ് രാജേഷ് രമേഷ്. റിലേ ഇനങ്ങളില്‍ ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റം നല്‍കാന്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായിക്കും.
സന്തോഷ് കുമാര്‍ തമിളരശന്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ വിജയിയും ഇന്ത്യയുടെ സ്വര്‍ണം നേടിയ മിക്‌സഡ് റിലേ ടീമിലെ അംഗവുമാണ് സന്തോഷ് കുമാര്‍. 400 മീറ്റര്‍ ഹര്‍ഡില്‍സിലും റിലേയിലും താരം ഇന്ത്യയുടെ പ്രധാന പ്രതീക്ഷയാണ്.
രശ്ദീപ് കൗര്‍ ഇന്ത്യയുടെ വനിതാ 400 മീറ്റര്‍ റിലേ ടീമിന് കരുത്തുപകരുന്ന വിശ്വസ്തയായ താരമാണ് രശ്ദീപ് കൗര്‍. റിലേ ഇനങ്ങളില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടത്തിലേക്ക് വഴിതുറക്കാന്‍ രശ്ദീപിന്റെ മികച്ച പ്രകടനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
content highlights: Glasgow Commonwealth Games: Who are India's medal prospects?