

ഏതൊരു തൊഴിലാളിയെയും സംബന്ധിച്ച് ശമ്പളം എന്നത് പ്രധാനമാണ്. പറഞ്ഞ തിയ്യതിയിൽ ശമ്പളം അക്കൗണ്ടിൽ എത്തുക, പ്രധാന ചിലവുകൾ നടന്നുപോകുക, സുഖമമായ ജീവിതം സാധ്യമാകുക എന്നത് ഒരാളെ സംബന്ധിച്ച് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. ഇതിന് രാജ്യത്ത് ചില നിയമങ്ങളുമുണ്ട്. പുതിയ നാല് ലേബർ കോഡുകളിൽ ഒന്നായ വേജ് കോഡ്, അഥവാ ശമ്പള കോഡിൽ എപ്പോഴാണ് തൊഴിലാളിക്ക് ശമ്പളം നൽകേണ്ടത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്.
ഒരു മാസത്തിലെ ഏഴാം ദിവസത്തിനുള്ളിൽ ശമ്പളമോ കൂലിയോ നൽകണമെന്നാണ് വേജ് കോഡ് പറയുന്നത്. ഒരു ജീവനക്കാരൻ രാജിവയ്ക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്‌താൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അയാളുടെ കുടിശ്ശികകൾ തീർക്കണമെന്നും നിയമം പറയുന്നുണ്ട്. നിശ്ചിത ശമ്പള പരിധിക്ക് മാത്രം ബാധകമായിരുന്ന മുൻ ചട്ടക്കൂടിനെ പൊളിച്ച്, ഇപ്പോൾ എല്ലാവർക്കും ബാധകമാക്കുകയാണ് കേന്ദ്രം ചെയ്തത്.
വേതന കാലയളവിനെ ആശ്രയിച്ചുള്ള വ്യത്യസ്ത സമയക്രമങ്ങളും കോഡ് നിർദ്ദേശിക്കുന്നുണ്ട്.
പ്രതിമാസ അടിസ്ഥാനത്തിൽ ശമ്പളം ലഭിക്കുന്ന തൊഴിലാളികൾ ആണെങ്കിൽ അടുത്ത മാസത്തിലെ ഏഴാം തിയ്യതിക്ക് മുൻപായി ശമ്പളം ലഭിച്ചിരിക്കണം. ആഴ്ചതോറും ശമ്പളം ലഭിക്കുന്ന ആളാണെങ്കിൽ ആഴ്ചയിലെ അവസാനത്തെ പ്രവൃത്തി ദിനത്തിൽ ശമ്പളം ലഭിച്ചിരിക്കണം. രണ്ടാഴ്ചയിലൊരിക്കൽ ജോലി ചെയ്യുന്നവർക്ക് രണ്ടാഴ്ച അവസാനിച്ചതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ വേതനം ലഭിക്കണം. അതേസമയം ദിവസവേതന വ്യവസ്ഥയിലുള്ള ജീവനക്കാർക്ക് പ്രവൃത്തി ദിവസത്തിന്റെ അവസാനവും വേതനം ലഭിക്കണം. രാജിവെച്ചതോ, പിരിച്ചുവിടപ്പെടുകയോ ചെയ്യപ്പെട്ട തൊഴിലാളികൾക്ക് അവരുടെ അവസാന ഗഡു നൽകാനുള്ള നിയമവും ഉണ്ട്. രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ അവർക്കുള്ള പണം നൽകണമെന്നാണ് നിയമം.
വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്റർമാരെ നിയമിക്കാനും കോഡ് വ്യവസ്ഥ ചെയ്യുന്നു. വേതനം വൈകിയാലോ അനധികൃതമായി കിഴിവുകൾ നടത്തിയാലോ കോഡ് പ്രകാരം നിയമിച്ചിട്ടുള്ള അതോറിറ്റിക്ക് മുമ്പാകെ ജീവനക്കാർക്ക് പരാതി നൽകാം. മൂന്ന് വർഷം വരെ പരാതി നൽകാൻ സമയമുണ്ട്. വേതനം നൽകാൻ അധികൃതർ നിദേശിച്ചിട്ടും ഉടമ നൽകിയില്ലെങ്കിൽ ആ തുകഭൂനികുതി കുടിശ്ശികയായി ഈടാക്കാവുന്നതാണ്.
Content Highlights: Under India's Wage Code, employers must pay salaries within the first seven days of every month, while dues of employees who resign or are terminated must be settled within two working days. The rules now apply to all employees.