

കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിൻ്റെ അതിക്രമങ്ങളിൽ വിമർശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ ചോദിച്ചിരിക്കുന്നത്.
'പ്രതിഷേധിക്കുന്നവരോട് നിങ്ങൾ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകണമെന്നില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനകളെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല' എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ പറയുന്നുണ്ട്. 'സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം അമിതമായ ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, നാം ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കണം—നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്' എന്നും വിസ്മയ ചോദിക്കുന്നുണ്ട്. 'നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ നാട്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന് പറഞ്ഞാണ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്.
കണ്ണീർവാതക പ്രയോഗം. ലാത്തിച്ചാർജ്. പരിക്കേറ്റ വിദ്യാർഥികൾ. ഉപരോധിക്കപ്പെട്ട റോഡുകൾ. അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ. നഗരമൊട്ടാകെ കനത്ത ബാരിക്കേഡുകൾ. ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.
പ്രതിഷേധിക്കുന്നവരോട് നിങ്ങൾ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകണമെന്നില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനകളെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല.
എന്നാൽ, സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം അമിതമായ ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, നാം ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കണം—നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്?
കാരണം, നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ നാട്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം.
എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്:
സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസും നേരത്തെ രംഗത്ത് വന്നിരുന്നു. സമാധാനപരമായി നടത്തുന്ന ഒരു പ്രതിഷേധത്തെ ഈ രീതിയിലല്ല കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു ടൊവിനോ തോമസിൻ്റെ പ്രതികരണം.. യുവാക്കള്‍ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്നത് വഴി രാജ്യത്തിന്റെ ഭാവിയെ തന്നെയാണ് ചവിട്ടി താഴ്ത്തുന്നതെന്നും ജനാധിപത്യത്തിലുളള വിശ്വാസം തന്നെ ഇല്ലാതാവുമെന്നും ടൊവിനോ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ പ്രതികരണം.
'ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ജനാധിപത്യത്തിലുളള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ ആക്രമിക്കാന്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ പൂര്‍ണഹൃദയത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുളള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. അത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യംചെയ്യാന്‍ വരുന്നവരോടാണ്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ് എന്നായിരുന്നു ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം നടത്തുകയാണ്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അടക്കമുള്ള കോൺഗ്രസ് എംപിമാർ എന്നിവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്. ഷാഫി പറമ്പില്‍എംപി ഉള്‍പ്പടെയുള്ള കേരളത്തില്‍ നിന്നുള്ള നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൈകൾ ചേർത്ത് കെട്ടിയാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നത്. സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കൾക്ക് ആവേശം പകർന്ന് സോണിയ ഗാന്ധിയും സമരമുഖത്തേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഇതിനിടെ മന്ത്രി പി സി വിഷ്ണുനാഥ്, ഡീൻ കുര്യാക്കോസ് എം പി അടക്കമുള്ളവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content Highlights: A debate grows over whether the use of force against citizens reflects democratic values, raising concerns about civil rights, freedom of expression, and government accountability.