

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 42 ശതമാനം വർധിച്ച് 3,226 കോടിയായി ഉയർന്നു. പ്രവർത്തന വരുമാനം 36-37 ശതമാനം ഉയർന്ന് 16,462 കോടി പിന്നിട്ടു.
ഏകീകൃത വരുമാനം 65 ശതമാനം വർധിച്ച് 21,689 കോടിയിലേക്കും ഉയർന്നതായി കമ്പനി അറിയിച്ചു. ഈ പാദത്തിൽ കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് കയറ്റുമതി വിപണികളിൽ നിന്നാണ്. വിദേശ കയറ്റുമതി 52 ശതമാനം ഉയർന്ന് 6.36 ലക്ഷം യൂണിറ്റിലെത്തി.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ശക്തമായ ആവശ്യകതയും ആഫ്രിക്കൻ വിപണിയുടെ തിരിച്ചുവരവും കയറ്റുമതി വർധിക്കാൻ സഹായിച്ചു. ആഭ്യന്തര വിപണിയിലും ഇരുചക്ര വാഹന വിൽപ്പന 11 ശതമാനം ഉയർച്ചയാണ് പ്രകടമാക്കിയത്. ബജാജിന്റെ ഇലക്ട്രിക് വാഹന ബിസിനസും ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി. ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ മികച്ച വിൽപ്പനയോടെ കമ്പനിയുടെ ആഭ്യന്തര ബിസിനസ് വരുമാനത്തിന്റെ ഏകദേശം 30 ശതമാനവും ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിന്നാണ് ലഭിച്ചത്. വരും പാദങ്ങളിലും ഈ മേഖലയിൽ കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നതായി വിപണി വിലയിരുത്തുന്നു.
അസംസ്കൃത വസ്തുക്കളുടെ വിലയും ചരക്ക് ഗതാഗതച്ചെലവും ഉയർന്നതിനെ തുടർന്ന് കമ്പനിയുടെ ആകെ ചെലവ് 34.6 ശതമാനം വർധിച്ചു. എന്നിരുന്നാലും, ശക്തമായ വിൽപ്പന, മികച്ച ഉൽപ്പന്ന മിശ്രിതം, ഉയർന്ന കയറ്റുമതി, പ്രവർത്തന കാര്യക്ഷമത എന്നിവയുടെ പിന്തുണയോടെ ലാഭത്തിൽ വൻ മുന്നേറ്റം കൈവരിക്കാൻ ബജാജ് ഓട്ടോയ്ക്ക് സാധിച്ചു.
വാഹന വ്യവസായത്തിൽ ആഭ്യന്തര ആവശ്യകത ശക്തമാകുന്നതും കയറ്റുമതി വിപണികൾ വീണ്ടും സജീവമാകുന്നതും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപഭോക്തൃ താൽപര്യം വർധിക്കുന്നതും ബജാജ് ഓട്ടോയുടെ വരും പാദങ്ങളിലെ വളർച്ചയ്ക്കും അനുകൂല ഘടകങ്ങളാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Bajaj Auto Q1 results: Consolidated net profit jumps 46% on-year to Rs 3,226 crore; revenue rises 65%