

പശ്ചിമേഷ്യൻ അനിശ്ചിതത്വങ്ങൾക്കിടയിലും ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖല സുരക്ഷിതമാണെന്നും പ്രവാസികൾക്ക് ധൈര്യമായി വീട് വാങ്ങാമെന്നും സർവേ റിപ്പോർട്ടുകൾ. ദുബായിൽ വസ്തുവകകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗത്തോളം ആളുകളും അടുത്ത ആറ് മാസത്തിനുള്ളിൽ സ്വന്തമായി വീട് വാങ്ങാൻ പദ്ധതിയിടുന്നതായി 'പ്രോപ്പർട്ടി ഫൈൻഡർ' നടത്തിയ ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു.
വർദ്ധിച്ചുവരുന്ന വാടകച്ചെലവുകളും യുഎഇയുടെ മികച്ച പ്രവാസി സൗഹൃദ നയങ്ങളും കണക്കിലെടുത്ത് നിരവധി പ്രവാസി കുടുംബങ്ങളാണ് വാടകവീടുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മാറാൻ താൽപ്പര്യപ്പെടുന്നത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 67 ശതമാനമായിരുന്ന ഉപഭോക്തൃ ആത്മവിശ്വാസം മെയ്-ജൂൺ മാസങ്ങളിൽ 66 ശതമാനമായി വലിയ മാറ്റമില്ലാതെ തുടരുന്നത് വിപണിയിലെ സുസ്ഥിരതയെയാണ് കാണിക്കുന്നത്.
ദുബായിൽ പ്രോപ്പർട്ടി വില കുത്തനെ ഇടിയുമെന്ന പ്രതീക്ഷ ആളുകൾക്ക് കുറഞ്ഞതായും സർവേ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിൽ 70 ശതമാനം പേർ വില കുറയുമെന്ന് കരുതിയെങ്കിൽ, ജൂണിൽ ഇത് 56 ശതമാനമായി കുറഞ്ഞു. വിപണിയിൽ പെട്ടെന്നൊരു വിലയിടിവ് ഉണ്ടാകില്ലെന്നും നിരക്കുകൾ കൂടുതൽ സ്ഥിരത കൈവരിച്ചുവെന്നും പ്രവാസി വാങ്ങലുകാർ തിരിച്ചറിയുന്നുണ്ട്. നിലവിൽ ചതുരശ്ര അടിക്ക് ശരാശരി 1,334 ദിർഹം എന്ന നിരക്കിൽ ദുബായ് പ്രോപ്പർട്ടി വില മാറ്റമില്ലാതെ തുടരുന്നു.
വില ഇനിയും കുത്തനെ കുറയുമെന്ന കാത്തിരിപ്പ് അവസാനിപ്പിച്ച്, കൃത്യമായ വിപണി വിവരങ്ങൾ വിലയിരുത്തി പ്രവാസികൾ വീടുകൾ സ്വന്തമാക്കാൻ മുന്നോട്ട് വരുന്നത് വിപണിയുടെ ദീർഘകാല കരുത്താണ് വ്യക്തമാക്കുന്നതെന്ന് പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റെവന്യൂ ഓഫീസർ ഷെരീഫ് സുലൈമാൻ ചൂണ്ടിക്കാട്ടി.
Content Highlights: Dubai authorities have stated that the emirate's real estate sector continues to remain resilient despite global economic uncertainties. Officials say expatriates can confidently invest in residential properties, with the market showing sustained demand and long-term stability.