

ഡൽഹി: ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കഴിയുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവാദം നല്‍കി ഡല്‍ഹി ഹൈക്കോടതി. സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്ഥലം മാറ്റാന്‍ അനുവദിക്കാത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ പുതിയ തീരുമാനം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാനാണ് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്. സഫ്ദര്‍ജംഗ് ആശുപത്രിയിലെ എല്ലാ ചികിത്സാ വിശദാംശങ്ങളും ഉടന്‍ മേദാന്ത ആശുപത്രിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.
സോനം വാങ്ചുകിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. എന്നാല്‍ വാങ്ചുകിനെ 'തുടര്‍ച്ചയായ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ തുടരണമെന്നും മേദാന്തയിലെ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമല്ലാതെ ഡിസ്ചാര്‍ജ് ചെയ്യരുതെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം തുടര്‍ച്ചയായ 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുകയായണ് കോക്രോച്ച് ജനതാ പാര്‍ട്ടി.
ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപിയുടെ പറയുന്നത്. വിദ്യാര്‍ത്ഥി നേതാക്കള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണുന്നതുവരെ സമരം നിരാഹാര സമരം തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ ഇന്‍ഡ്യ സഖ്യവും പൂർണ്ണ പിന്തുണ നൽകി രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കൾ സമരത്തിൽ അണിനിരക്കുന്നുണ്ട്.
Content Highlights: The Delhi High Court has permitted the transfer of activist Sonam Wangchuk to a private hospital for medical treatment.