പ്രോജക്ട് ജൂപ്പിറ്റർ; ഇന്ത്യയിലെ വമ്പൻ IPOയ്ക്ക് പിന്നിൽ അംബാനിയുടെ ഒന്നൊന്നര ബുദ്ധി

നിരവധി മാസങ്ങളായി നടത്തിയ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടമായിരുന്നു അത്

പ്രോജക്ട് ജൂപ്പിറ്റർ; ഇന്ത്യയിലെ വമ്പൻ IPOയ്ക്ക് പിന്നിൽ അംബാനിയുടെ ഒന്നൊന്നര ബുദ്ധി
dot image

ഒരു വർഷം മുമ്പ് റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി നടത്തിയ ഒരു പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജിയോ പ്ലാറ്റ്ഫോംസ് 2026-ന്റെ ആദ്യ പകുതിയിൽ തന്നെ ഓഹരി വിപണിയിലെത്തുമെന്നായിരുന്നു ആ നിർണായക പ്രഖ്യാപനം. എന്നാൽ പുറം ലോകം കണ്ടത് ആ പ്രഖ്യാപനം മാത്രമായിരുന്നെങ്കിൽ, അതിന് പിന്നിൽ മാസങ്ങളോളം നീണ്ടുനിന്ന അതീവ രഹസ്യമായ ഒരു ദൗത്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

പ്രോജക്ട് ജുപിറ്റർ

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന ലക്ഷ്യത്തോടെ റിലയന്‍സ് നടത്തിയ രഹസ്യ നീക്കമാണ് പ്രോജക്ട് ജുപ്പീറ്റര്‍. ഐപിഒയുടെ വലിപ്പവും, അതിന്റെ വമ്പൻ ലക്ഷ്യങ്ങളും സൂചിപ്പിക്കാനാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ ജുപീറ്ററിന്റെ പേര് ഈ ദൗത്യത്തിന് നല്‍കിയത്. കമ്പനിക്കുള്ളിൽ 'പ്രോജക്ട് ജൂപ്പിറ്റർ' എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ പദ്ധതി, ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ യാഥാർഥ്യമാക്കാനുള്ള സമഗ്രമായ പ്രവർത്തനമായിരുന്നു.ഐപിഒ പ്രഖ്യാപിച്ച ദിവസം തന്നെ ജിയോയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സെബിക്ക് സമർപ്പിക്കപ്പെട്ടത് യാദൃശ്ചികമായിരുന്നില്ല.

നിരവധി മാസങ്ങളായി നടത്തിയ തയ്യാറെടുപ്പുകളുടെ അവസാന ഘട്ടമായിരുന്നു അത്. റിലയൻസിലെ ഏതാനും മുതിർന്ന ഉദ്യോഗസ്ഥർക്കും പദ്ധതിയുമായി ബന്ധപ്പെട്ട ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർക്കും മാത്രമാണ് ഈ ദൗത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്. വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ഡിജിറ്റൽ ആശയവിനിമയം പരമാവധി ഒഴിവാക്കുകയും അച്ചടിച്ച രേഖകളും നേരിട്ടുള്ള മീറ്റിങുകളും നടത്തുകയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പദ്ധതിയുടെ ഏറ്റവും വലിയ വെല്ലുവിളി റെഗുലേറ്ററി അനുമതികൾ നേടുക എന്നതായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയതിനാൽ നിലവിലുള്ള ചട്ടങ്ങൾ പലതും കമ്പനിക്ക് അനുകൂലമായിരുന്നില്ല. അതിനാൽ പൊതുജന ഓഹരി വിഹിതവുമായി ബന്ധപ്പെട്ട സെബിയുടെ വ്യവസ്ഥകളിൽ മാറ്റം ആവശ്യമായി വന്നു. പിന്നീട് വലിയ മൂല്യമുള്ള കമ്പനികൾക്കുള്ള പൊതുജന ഓഹരി വിഹിതത്തിന്റെ മിനിമം പരിധി കുറച്ചതോടെ ജിയോ ഐപിഒയ്ക്ക് മുന്നിലുണ്ടായിരുന്ന പ്രധാന തടസ്സങ്ങളിലൊന്ന് നീങ്ങി കിട്ടി.

ജിയോയിൽ ഇതിനകം നിക്ഷേപം നടത്തിയിരുന്ന ആഗോള കമ്പനികളെയും റിലയൻസ് വിശ്വാസത്തിലെടുക്കേണ്ടി വന്നു. മെറ്റ, ആൽഫബെറ്റ്, കെകെആർ, സിൽവർലേക്ക് ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരുമായി ദീർഘചർച്ചകൾ നടത്തിയ ശേഷമാണ് ഐപിഒ ഘടനയിൽ ആവശ്യമായ മാറ്റങ്ങൾക്ക് അവർ സമ്മതം അറിയിച്ചത്. പൊതുജന ഓഹരി വിഹിതം വർധിപ്പിക്കാനുള്ള നടപടികളിൽ എല്ലാ നിക്ഷേപകരുടെയും താൽപര്യം സംരക്ഷിക്കപ്പെടുന്ന രീതിയിലായിരുന്നു കമ്പനിയുടെ സമീപനം.

ആദ്യഘട്ടത്തിൽ നിലവിലെ ഓഹരി ഉടമകൾ ഓഹരികൾ വിൽക്കുന്ന 'ഓഫർ ഫോർ സെയിൽ' (OFS) മാതൃകയാണ് പരിഗണിച്ചിരുന്നത്. എന്നാൽ വിപണിയിലെ സാഹചര്യങ്ങളും വിദേശ നിക്ഷേപകരുടെ അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷം റിലയൻസ് അവസാന നിമിഷം പദ്ധതി മാറുകയായിരുന്നു. പുതിയ ഓഹരികൾ പുറത്തിറക്കുന്ന പ്രൈമറി ഇഷ്യൂ മാതൃകയിലേക്ക് മാറിയതോടെ ഐപിഒയിലൂടെ സമാഹരിക്കുന്ന പണം നേരിട്ട് ജിയോ പ്ലാറ്റ്ഫോംസിന്റെ വളർച്ചാ പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം രൂപപ്പെട്ടു.

JIO IPO

പ്രോജക്ട് ജൂപ്പിറ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റിലയൻസിന്റെ സാമ്പത്തിക-തന്ത്ര വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരായിരുന്നു. തുടക്കത്തിൽ ഏതാനും ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ മാത്രമാണ് പദ്ധതിയുടെ ഭാഗമായിരുന്നത്. പിന്നീട് ഐപിഒയുടെ വ്യാപ്തി വർധിച്ചതോടെ കൂടുതൽ ആഗോള ബാങ്കുകളെയും ഉപദേശകരേയും ഉൾപ്പെടുത്തി.

റിലയൻസിന്റെ ഈ ഐപിഒ വെറും ഓഹരി വിൽപ്പനയെന്നതിലുപരി കമ്പനിയുടെ അടുത്ത വളർച്ചാ ഘട്ടത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്. ടെലികോം, ഡിജിറ്റൽ സേവനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സേവനങ്ങൾ, എന്റർപ്രൈസ് ടെക്നോളജി എന്നിവയിൽ വൻ നിക്ഷേപങ്ങൾ നടത്താനുള്ള സാമ്പത്തിക കരുത്ത് ജിയോയ്ക്ക് ഈ ഫണ്ട് സമാഹരണത്തിലൂടെ ലഭിക്കും. ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയിൽ നിർണായക പങ്കുവഹിക്കാൻ ജിയോയെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന നിമിഷം മുതൽ ജിയോ പ്ലാറ്റ്ഫോംസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനികളിലൊന്നായി മാറുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. മാസങ്ങളോളം രഹസ്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ 'പ്രോജക്ട് ജൂപ്പിറ്റർ' ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും സങ്കീർണവും അതേസമയം ഏറ്റവും വിജയകരവുമായ ഐപിഒ തയ്യാറെടുപ്പുകളിലൊന്നായി ഇനി രേഖപ്പെടുത്തപ്പെടുമെന്നാണ് വിലയിരുത്തൽ.

Content Highlights: How Ambani Built Project Jupiter to Launch India’s Biggest IPO

dot image
To advertise here,contact us
dot image