ആദ്യഘട്ടത്തിൽ 55 കിലോമീറ്റർ പാത, 42 സ്റ്റേഷനുകൾ; മസ്കറ്റ് മെട്രോ പദ്ധതിക്ക് തുടക്കമായി

ആദ്യ ഘട്ടത്തിൽ 55 കിലോമീറ്റർ നീളത്തിലാണ് മസ്കറ്റ് മെട്രോ പാത നിർമ്മിക്കുന്നത്

ആദ്യഘട്ടത്തിൽ 55 കിലോമീറ്റർ പാത, 42 സ്റ്റേഷനുകൾ; മസ്കറ്റ് മെട്രോ പദ്ധതിക്ക് തുടക്കമായി
dot image

ഒമാന്റെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് 'മസ്കറ്റ് മെട്രോ' പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. ഒമാനും ഫ്രാൻസും തമ്മിൽ മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുസ്ഥിര ഗതാഗത സംവിധാനം ഒരുക്കാനും ലക്ഷ്യമിട്ടാണ് വൻകിട മെട്രോ റെയിൽ ശൃംഖല നിർമ്മിക്കുന്നത്.

പാരീസിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പങ്കെടുത്ത ചടങ്ങിലാണ് മസ്കറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെച്ചത്. ഒമാൻ ഗതാഗത-വാർത്താവിനിമയ മന്ത്രാലയവും ഫ്രഞ്ച് ഗതാഗത മന്ത്രാലയവും തമ്മിലാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഫ്രാൻസിന്റെ അത്യാധുനിക റെയിൽവേ സാങ്കേതിക വിദ്യയും നിർമ്മാണ പരിചയവും മസ്കറ്റ് മെട്രോയ്ക്കായി പ്രയോജനപ്പെടുത്താൻ ഈ കരാറിലൂടെ സാധിക്കും.

ആദ്യ ഘട്ടത്തിൽ 55 കിലോമീറ്റർ നീളത്തിലാണ് മസ്കറ്റ് മെട്രോ പാത നിർമ്മിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന സുൽത്താൻ ഹൈതം സിറ്റിയെയും മസ്കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ റൂവിയെയും തമ്മിലാണ് ഈ പാത ബന്ധിപ്പിക്കുന്നത്. യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ഗല, അൽ ഖുവൈർ തുടങ്ങിയ പ്രധാന ജനവാസ-വാണിജ്യ മേഖലകളിലൂടെയാണ് മെട്രോ കടന്നുപോകുന്നത്.

മൊത്തം 42 സ്റ്റേഷനുകളാണ് മസ്കറ്റ് മെട്രോ ശൃംഖലയിൽ ഉണ്ടാകുക. ഇതിൽ ഏഴ് സ്റ്റേഷനുകൾ മറ്റ് ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇന്റർചേഞ്ചുകളായി പ്രവർത്തിക്കും. പദ്ധതിയുടെ പ്രാരംഭ പഠനങ്ങൾ 2023-ൽ തന്നെ രാജ്യാന്തര കൺസൾട്ടന്റുകളെ നിയോഗിച്ച് ഒമാൻ ആരംഭിച്ചിരുന്നു. മെട്രോ യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലെ യാത്രാ കണക്ടിവിറ്റി ശക്തമാകുകയും ഒമാന്റെ സാമ്പത്തിക മേഖലയ്ക്ക് അത് പുതിയ ഊർജ്ജം പകരുകയും ചെയ്യും.

Content Highlights: The Muscat Metro project has officially begun, marking a major step in Oman's public transportation development. The first phase will include a 55-kilometre metro network with 42 stations, aiming to enhance connectivity, reduce traffic congestion, and support sustainable urban growth.

dot image
To advertise here,contact us
dot image