

ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക്ക് വാഹനന നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് സർക്കാർ. പുതിയ കരട് നയത്തിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളിലൊന്ന് 2028 ഏപ്രിൽ 1 മുതൽ പുതിയ പെട്രോൾ, ഡീസൽ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്നതാണ്. ഇതിലൂടെ നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വലിയ തോതിൽ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഡൽഹിയിലെ വായു മലിനീകരണം രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങുന്നത്. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയം 2030 മാർച്ച് വരെ നിലനിൽക്കും. ഇതോടെ 30 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നികുതിയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നൽകുമെന്ന് ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
പുതിയ നയത്തിന്റെ ആദ്യഘട്ട കരടിൽ ശക്തമായ ഹൈബ്രിഡ് കാറുകൾക്ക് നികുതി ഇളവ് നൽകുന്ന നിർദേശവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അന്തിമ കരടിൽ ഈ വ്യവസ്ഥ ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സർക്കാർ നൽകുന്ന പ്രോത്സാഹനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും പ്രധാനമായും ഇലക്ട്രിക് വാഹനങ്ങൾക്കായി കേന്ദ്രീകരിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുക, ബാറ്ററി ചാർജിങ് സൗകര്യങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക, പൊതുഗതാഗത രംഗത്തും വൈദ്യുത വാഹനങ്ങളുടെ വിഹിതം ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും നയത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്. ആനുകൂല്യങ്ങൾക്കായി ഓൺലൈന്‍ മുഖേന അപേക്ഷിക്കാൻ പോർട്ടലും സജ്ജമാക്കും.
ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത നാല് വർഷത്തിനുള്ളിൽ ഈ നയത്തിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്. 7,000 കോടി രൂപ സബ്‌സിഡികൾക്കും, 8,000 കോടി രൂപ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾക്കായി വകയിരുത്തും. ഗവർണറുടെ ഔദ്യോഗിക അംഗീകാരത്തിന് ശേഷമാകും നയം നടപ്പിലാക്കുക. വാഹന ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 30,000, 20,000, 10,000, ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്ക് 50,000, 40,000, 30,000 ഇപ്രകാരം മൂന്ന് വർഷങ്ങളിൽ സബ്‌സിഡിയും ലഭിക്കും. എന്‍1 കാറ്റഗറിയിലുള്ള ഇലക്ട്രിക് ട്രക്കുകൾക്ക് 1 ലക്ഷം രൂപ വരെയാണ് പർച്ചേസ് ഇൻസെന്റീവ് ലഭിക്കുക.

നയം പ്രാബല്യത്തിൽ വരുന്നതോടെ 2027 ജനുവരി ഒന്ന് മുതൽ ഡൽഹിയിൽ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ. 2028 ഏപ്രിൽ ഒന്ന് മുതൽ പുതിയ പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടംഘട്ടമായി നിർത്തലാക്കും. വാഹന നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഈ മാറ്റത്തിനായി മതിയായ സാവകാശം ലഭിക്കുന്ന തരത്തിലാണ് നിയന്ത്രണം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കിടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയുകയും ബാറ്ററി സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിപണിയും ഈ മാറ്റത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
ഡൽഹി സർക്കാർ സ്വീകരിക്കുന്ന ഈ നീക്കം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുമോ എന്നതാണ് ഇനി ശ്രദ്ധേയമായ ചോദ്യം. പരിസ്ഥിതി സംരക്ഷണവും കാർബൺ പുറന്തള്ളൽ കുറയ്ക്കലും മുൻനിർത്തിയുള്ള ഗതാഗത നയങ്ങൾ ഇന്ത്യയിൽ കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം വരും വർഷങ്ങളിൽ കൂടുതൽ വേഗത്തിലാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Subsidies, No Hybrid Benefits And Petrol Bike Phase-Out: What Changes In Delhi's New EV Policy?