

യാത്രാസേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍ വേ. കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ട്രാക്കുകളുടെ വൈദ്യുതീകരണത്തിലും റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവൽക്കരണത്തിലും വൻ മുന്നേറ്റം നടത്തിയ റെയിൽവേ, ഇപ്പോൾ ടിക്കറ്റ് റിസർവേഷൻ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇതിനായി നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) സമഗ്രമായ അപ്‌ഡേറ്റുകളാണ് റെയില്‍വേ വരുത്തുന്നത്.
കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി, അതായത് 1986 മുതൽ റെയിൽവേ ഉപയോഗിച്ചുവരുന്ന പഴയ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമിന് പകരമായാണ് ഈ പുതിയ അത്യാധുനിക സംവിധാനം അവതരിപ്പിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം മുതൽ രാജ്യത്ത് ഘട്ടങ്ങളായി ഈ നവീകരിച്ച സിസ്റ്റം നടപ്പിലാക്കി തുടങ്ങും. ടിക്കറ്റ് ബുക്കിങ് പ്രക്രിയ കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമാക്കുക എന്നതുമാത്രമല്ല, റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി തട്ടിയെടുക്കുന്ന വ്യാജ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ചൂഷണം പൂർണ്ണമായി തടയുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.
പുതിയ സിസ്റ്റം നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് കൂടുതല്‍ വേഗത്തില്‍ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ഏറ്റവും വലിയ പ്രത്യേകത, വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള കൃത്യമായ സാധ്യത എത്രത്തോളമുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നതാണ്. റെയിൽവേ മന്ത്രാലയത്തിന്റെ ആസ്ഥാനമായ റെയിൽ ഭവനിൽ വെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രൊജക്റ്റിന്റെ പുരോഗതി നേരിട്ട് നേരത്തെ വിലയിരുത്തിയിരുന്നു.
പഴയ സംവിധാനത്തിൽ നിന്നും പുതിയതിലേക്ക് മാറുമ്പോൾ സാങ്കേതിക തകരാറുകൾ കാരണം യാത്രക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളോ ബുക്കിങ് തടസ്സങ്ങളോ ഉണ്ടാകരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിങ് ബിട്ടു എന്നിവരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്.
ഇതോടൊപ്പം കേരളത്തിലെ റെയിൽവേ വികസനത്തിന് വൻ വേഗത പകരുന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മാരാരിക്കുളം - ആലപ്പുഴ സെക്ഷനിലെ 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിനായി 220.51 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകി.
റെയിൽവേ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഫ്ലൈഓവർ, ബൈപ്പാസ്, പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ വികസന പദ്ധതികളുടെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. എറണാകുളം - തുറവൂർ - ആലപ്പുഴ - അമ്പലപ്പുഴ - കായംകുളം കോറിഡോറിൽ നിലവിൽ അവശേഷിക്കുന്ന ഏക ഒറ്റവരിപ്പാതയാണ് മാരാരിക്കുളം - ആലപ്പുഴ ഭാഗം. ഈ റൂട്ടിലെ മറ്റ് ഭാഗങ്ങളിലെല്ലാം പാത ഇരട്ടിപ്പിക്കൽ ഇതിനകം പൂർത്തിയാവുകയോ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലോ ആണ്.
Content Highlights: Indian Railways is expected to implement significant changes to its ticket booking and reservation system from August 1. The reforms are aimed at improving passenger convenience and reducing uncertainty for waiting-list travellers, potentially making it easier for passengers to secure confirmed tickets and plan their journeys with greater confidence.