

ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് നാലാം പാദത്തിൽ 500 കോടിയുടെ അറ്റ നഷ്ടം റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 870 കോടി രൂപയായിരുന്നു നഷ്ടം. വരുമാനം 57% താഴ്ന്ന് 265 കോടി ആയി. വിപണിയിലെ മത്സരം, സപ്ലൈ ചെയിൻ പ്രതിസന്ധികൾ മറ്റ് പ്രവർത്തനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വരുമാനത്തിൽ വെല്ലുവികൾ ഉയർത്തിയെന്നാണ് കമ്പനി വ്യകത്മാക്കുന്നത്.
മൊത്തം മാർജിൻ 38.5% ൽ എത്തി, പ്രവർത്തന ചെലവുകൾ ഗണ്യമായി കുറഞ്ഞു. ഏകീകരിച്ച ഓപ്പറേറ്റിംഗ് ക്യാഷ് ഫ്ലോ അനുകൂലമായി. ഇത് പിഎൽഐ (പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്) ഫണ്ട് ഇൻഫ്ലോ, മെച്ചപ്പെട്ട മൊത്തം മാർജിൻ, കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവുകൾ, കർശനമായ വർക്കിങ് ക്യാപിറ്റൽ നിയന്ത്രണങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് സാധ്യമായത്.
സ്കെയിലിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓല ഇലക്ട്രിക് 2027 സാമ്പത്തിക വർഷത്തിലേക്ക് പ്രവേശിക്കുന്നത്. വോളിയം വീണ്ടെടുക്കുക, സേവന സ്ഥിരത നിലനിർത്തുക, മാർജിൻ നേതൃത്വം നിലനിർത്തുക,, ജിഗാഫാക്ടറി വർദ്ധിപ്പിക്കുക, ഓട്ടോ പോർട്ട്‌ഫോളിയോയെ സ്വന്തം സെല്ലുകളിലേക്ക് മാറ്റുക എന്നിവയ്ക്കാണ് കമ്പനിയുടെ മുൻഗണനകൾ.
കഴിഞ്ഞ വർഷം വലിയ വിമർശനങ്ങൾ നേരിട്ടിരുന്ന സർവീസ് പ്രവർത്തനങ്ങളിലെ പുരോഗതിയും കമ്പനി എടുത്തുകാട്ടി.2025 ഒക്ടോബറിനും 2026 മാർച്ചിനും ഇടയിൽ ശരാശരി സർവീസ് ടേൺഎറൗണ്ട് സമയം 88 ശതമാനം കുറഞ്ഞതായി ഒല പറഞ്ഞു, അതേസമയം സർവീസ് ബാക്ക്‌ലോഗ് ദിവസങ്ങൾ 14 ദിവസത്തിൽ നിന്ന് ആറ് ദിവസമായി കുറഞ്ഞു.
വാറന്റി ചെലവ് 25 സാമ്പത്തിക വർഷത്തിൽ 555 കോടി രൂപയിൽ നിന്ന് 26 സാമ്പത്തിക വർഷത്തിൽ 59 കോടി രൂപയായി കുത്തനെ കുറഞ്ഞിട്ടുണ്ട് എന്നും കമ്പനി അവകാശപ്പെടുന്നു.ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ശ്രദ്ധേയമായ ഇടം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെ ഒല ഇലക്ട്രിക് ഉത്പാദന ശേഷി വർദ്ധിപ്പിക്കാനും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനും ശ്രമിച്ചു വരികയാണ്. ഇതിനു പുറമെ 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 40,000 നും 45,000 നും ഇടയിൽ ഓർഡറുകൾ പ്രതീക്ഷിക്കുന്നതായി കമ്പനി പാദഫലങ്ങൾക്ക് പിന്നാലെ അറിയിച്ചിട്ടുണ്ട്.
Content Highlights: Ola Electric Q4 revenue drops 57% to Rs 265 crore; net loss narrows to Rs 500 crore