

സാധാരണയായി നമ്മൾ പണം നിക്ഷേപിക്കുന്നത് സ്വർണത്തിലോ ഭൂമിയിലോ ഓഹരികളിലോ ആണ്. എന്നാൽ ഐപിഎൽ ടീമുകളുടെ മൂല്യം വളർന്നത് കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകുമെന്ന് മാത്രമല്ല ഒന്ന് മാറി ചിന്തിക്കുകയും ചെയ്യും.രാജസ്ഥാൻ റോയൽസ്, 2008-ൽ ഏകദേശം 320 കോടി രൂപയ്ക്ക് വിറ്റുപോയ ഈ ടീം, 2026-ൽ വിറ്റത് 15,300 കോടി രൂപയ്ക്കാണ്. അതായത് മുടക്കിയ പണത്തിന്റെ 48 ഇരട്ടി ലാഭം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, 2008-ൽ 485 കോടിക്ക് വിറ്റ ടീം ഇപ്പോൾ 16,700 കോടി രൂപയ്ക്കാണ് വിറ്റുപോയത്. 34 ഇരട്ടി ലാഭം. ഇതേ കാലയളവിൽ സ്വർണ്ണവും ഓഹരി വിപണിയും ഏകദേശം 12 ഇരട്ടി ലാഭം മാത്രമാണ് നൽകിയത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആവേശം എത്രത്തോളം വലിയൊരു സാമ്പത്തിക ശക്തിയായി മാറിയെന്ന് ഇതിലൂടെ മനസ്സിലാക്കാം.
ഷെയ്ൻ വോണിന്റെ ബുദ്ധിപരമായ നീക്കം
ക്രിക്കറ്റ് താരം ഷെയ്ൻ വോൺ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുമ്പോൾ എടുത്ത ഒരു തീരുമാനം ഇന്ന് വലിയ ചർച്ചയാകുകയാണ്. അദ്ദേഹം ശമ്പളം കുറച്ചു, ഓഹരി വാങ്ങി. കളിക്കാൻ വേണ്ടി വലിയ തുക ശമ്പളം വാങ്ങുന്നതിന് പകരം, ഓരോ വർഷവും ടീമിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു ചെറിയ ഭാഗം 0.75% ഓഹരി, അദ്ദേഹം ആവശ്യപ്പെട്ടു.
നാല് വർഷം കളിച്ചതോടെ ടീമിന്റെ 3% ഉടമസ്ഥാവകാശം അദ്ദേഹത്തിന് ലഭിച്ചു.
രാജസ്ഥാൻ റോയൽസ് ഇപ്പോൾ വിറ്റപ്പോൾ ഈ 3% ഓഹരിയുടെ മൂല്യം ഏകദേശം 460 കോടി രൂപയാണ്.
നാല് വർഷം കളിച്ച് അദ്ദേഹം വാങ്ങിയ ആകെ ശമ്പളം ഈ തുകയുടെ വെറും 2 ശതമാനം പോലും വരില്ല. അദ്ദേഹം അന്തരിച്ചുവെങ്കിലും ഈ വലിയ തുക അദ്ദേഹത്തിന്റെ കുടുംബത്തിന് ലഭിക്കും.
ചുരുക്കത്തിൽ, വെറുമൊരു കളിക്കാരൻ എന്നതിലുപരി ഒരു ബുദ്ധിമാനായ നിക്ഷേപകൻ കൂടി എങ്ങനെയാകാം എന്ന് ഷെയ്ൻ വോൺ കാണിച്ചുതന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ 'പ്ലെയർ പേഔട്ട്' ആണിത്.
Content Highlights:Is Cricket the Best Investment? IPL Teams Record 48X Growth by 2026