ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുവാന്‍ നോക്കുവാണോ? എന്നാല്‍ ഇനി രേഖകള്‍ക്കായി നെട്ടോട്ടം ഓടേണ്ട; സഹമതിയുണ്ട്

സഹമതി  എന്നത് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ സുരക്ഷിതമായി പങ്കുവെക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്.

ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുവാന്‍ നോക്കുവാണോ? എന്നാല്‍ ഇനി രേഖകള്‍ക്കായി നെട്ടോട്ടം ഓടേണ്ട; സഹമതിയുണ്ട്
സുമ സണ്ണി
2 min read|14 Apr 2026, 06:59 pm
dot image

ഒരു വായ്പക്കായി ബാങ്കുകളെ സമീപിക്കുമ്പോൾ നൂറു കണക്കിന് രേഖകൾ വേണം എന്ന് പറയുന്ന കാലം കഴിയുകയാണോ? നിങ്ങൾ വായ്പ വേണം എന്ന് പറയുമ്പോൾ തന്നെ നിങ്ങളുടെ പേരും തിരിച്ചറിയൽ രേഖകളും നൽകിയാൽ ബാങ്കിന് നിങ്ങളുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയും, വരുമാന മാർഗവും, മുൻകാല വായ്പ വിവരങ്ങളും എല്ലാം അറിയാൻ സാധിച്ചാലോ? അവിടെയാണ് സഹമതി എന്ന സംവിധാനത്തിന്റെ പ്രസക്തി. നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടെങ്കിൽ,  ഇതുവരെ വായ്പകൾ ഇല്ലെങ്കിൽ കൂടുതൽ വായ്പ കുറഞ്ഞ പലിശ നിരക്കിൽ  തരുന്നതിന് ബാങ്കുകൾക്ക് മടിയുണ്ടാകില്ല.അതിനായി നിങ്ങളുടെ എല്ലാ കാര്യങ്ങളും കൃത്യമായി  പരിശോധിക്കാൻ ബാങ്കുകളെ സഹായിക്കുന്ന സംവിധാനമാണ് സഹമതി .

സാധാരണക്കാരന് എങ്ങിനെ പ്രയോജനപ്പെടും?

സഹമതി  എന്നത് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ സുരക്ഷിതമായി പങ്കുവെക്കാൻ സഹായിക്കുന്ന ഒരു സംവിധാനമാണ്. സാധാരണക്കാർക്ക് ഇത് എങ്ങനെയൊക്കെ ഉപകാരപ്പെടുമെന്ന് നോക്കാം.

  • നിങ്ങളുടെ സാമ്പത്തിക വിവരങ്ങളുടെ (ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഇൻഷുറൻസ് തുടങ്ങിയവ) ഡിജിറ്റൽ രേഖകൾ സഹമതിയിലുണ്ടാകും. 
  • വായ്പയ്‌ക്കോ മറ്റോ അപേക്ഷിക്കുമ്പോൾ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ ഡൗൺലോഡ് ചെയ്യാനോ, പ്രിന്റ് എടുത്ത് ബാങ്കിൽ കൊടുക്കാനോ ഇനി പോകേണ്ടതില്ല. 
  • നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ഡിജിറ്റലായി ഉടൻ തന്നെ പരിശോധിക്കാൻ കഴിയുന്നതുകൊണ്ട്, ദിവസങ്ങൾ കാത്തിരിക്കാതെ മിനിറ്റുകൾക്കുള്ളിൽ ലോൺ അനുമതി ലഭിക്കും.
  • നിങ്ങളുടെ അനുവാദം  ഇല്ലാതെ ആർക്കും വിവരങ്ങൾ കാണാൻ കഴിയില്ല. നിങ്ങൾ കൊടുക്കുന്ന വിവരങ്ങൾ ലോൺ നൽകുന്ന ബാങ്കിന് മാത്രമേ വായിക്കാൻ കഴിയൂ .
  •  ആർക്കൊക്കെ വിവരങ്ങൾ നൽകണം, എത്ര കാലത്തേക്ക് നൽകണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എപ്പോൾ വേണമെങ്കിലും ഈ അനുവാദം റദ്ദാക്കുകയും ചെയ്യാം.

ഈ സേവനം ലഭിക്കാൻ നിങ്ങൾ എന്ത് ചെയ്യണം?

  • നിങ്ങൾ നേരിട്ട് സഹമതിയിൽ  ചേരുകയല്ല വേണ്ടത്. പകരം ഒരു അക്കൗണ്ട് അഗ്രഗേറ്റർ  ആപ്പ് ഉപയോഗിക്കുകയാണ് വേണ്ടത്.
  • OneMoney, Finvu, CAMSFinServ പോലെയുള്ള സർക്കാർ അംഗീകൃത അക്കൗണ്ട് അഗ്രഗേറ്റർ ആപ്പുകളിൽ ഒന്ന് ഡൗൺലോഡ് ചെയ്യുക.
  • നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഇതിൽ സൈൻ അപ്പ് ചെയ്യുക.
  • ആപ്പിനുള്ളിൽ നിങ്ങളുടെ ബാങ്കുകൾ തിരഞ്ഞെടുക്കുക. ഒരു OTP ഉപയോഗിച്ച് നിങ്ങളുടെ സേവിങ്സ് അക്കൗണ്ട്, ഇൻഷുറൻസ് എന്നിവ ഈ ആപ്പുമായി ബന്ധിപ്പിക്കാം.
  • വിവരങ്ങൾ പങ്കിടാൻ അനുമതി നൽകുക
  • ഒരു പുതിയ ലോണിനോ മറ്റോ അപേക്ഷിക്കുമ്പോൾ, ആ ബാങ്ക് നിങ്ങളുടെ വിവരങ്ങൾക്കായി ഒരു അപേക്ഷ  അയക്കും.
  • ഫോണിൽ വരുന്ന നോട്ടിഫിക്കേഷൻ നോക്കി, വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി അനുമതി നൽകുക.

ഇതോടെ പഴയകാലത്ത് ബാങ്കിൽ ക്യൂ നിന്ന് സ്റ്റേറ്റ്‌മെന്റ് വാങ്ങിയിരുന്ന കഷ്ടപ്പാട് ഇത് ഒഴിവാക്കുന്നു. നിങ്ങളുടെ ഫോണിലെ ഒരു ക്ലിക്കിലൂടെ കാര്യങ്ങൾ നടക്കും. ഒരാളുടെ അനുവാദത്തോടെ മാത്രം അയാളുടെ ബാങ്ക് വിവരങ്ങൾ മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഡിജിറ്റൽ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ സുതാര്യവും, വേഗമേറിയതും, പേപ്പർ രഹിതവുമാക്കാൻ ഈ മാറ്റം സഹായിക്കും. ഒരു ലോണിനോ മറ്റോ ബാങ്കുകൾ കയറിയിറങ്ങുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം.

  • RBI ബാങ്കുകളെ നിയന്ത്രിക്കുന്നു.
  • SEBI ഓഹരി വിപണിയെ  നിയന്ത്രിക്കുന്നു.
  • IRDAI ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്നു.
  • PFRDA പെൻഷൻ പദ്ധതികളെ നിയന്ത്രിക്കുന്നു.

ഇത്തരത്തിലുള്ള എല്ലാ വിഭാഗങ്ങളെയും ഒന്നിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ്   സഹമതി      
നോക്കുന്നത്. 

Content Highlights: Learn how Sahamati and the Account Aggregator (AA) ecosystem help common people get instant loans and manage financial data securely with RBI approval.

dot image
To advertise here,contact us
dot image