

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത്, നിങ്ങളുടെ കൈവശമുള്ള ഓരോ ഓഹരിക്കും ഒരു അധിക ഓഹരി സൗജന്യമായി ലഭിക്കും. നിങ്ങളുടെ പക്കല്‍ എല്‍ഐസിയുടെ 100 ഓഹരികള്‍ ഉണ്ടെങ്കില്‍ ബോണസ് ലഭിക്കുന്നതോടെ അത് 200 ആയി ഉയരും. 2022 മേയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം എല്‍ഐസി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഇഷ്യൂ ആണിത്. ഏകദേശം 22 ലക്ഷം ഓഹരി ഉടമകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

6,325 കോടി രൂപയുടെ കരുതല്‍ ശേഖരം മൂലധനമാക്കി മാറ്റിക്കൊണ്ടാണ് സൗജന്യ ഓഹരികള്‍ നല്‍കുന്നത്. ഇതിലൂടെ എല്‍ഐസിയുടെ അടച്ചുതീര്‍ത്ത മൂലധനം (പെയ്ഡ് അപ് ക്യാപിറ്റല്‍) 12,650 കോടി രൂപയായി വര്‍ധിക്കും. ഏപ്രില്‍ 13ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഇഷ്യൂവിന് അംഗീകാരം നല്‍കിയത്. ബോണസ് ഓഹരികള്‍ക്ക് അര്‍ഹരായവരെ നിശ്ചയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി കമ്പനി പിന്നീട് അറിയിക്കും.
ബോര്‍ഡ് അംഗീകാരം നല്‍കി രണ്ട് മാസത്തിനുള്ളില്‍ (അതായത് 2026 ജൂണ്‍ 12-നോ അതിന് മുന്‍പോ) ബോണസ് ഓഹരികള്‍ ഷെയര്‍ഹോള്‍ഡര്‍മാരുടെ അക്കൗണ്ടില്‍ എത്തും. ഓഹരികളുടെ എണ്ണം കൂടുന്നതോടെ വിപണിയില്‍ ഓഹരി കൈമാറ്റം എളുപ്പമാകും. ബോണസ് ഓഹരികള്‍ നല്‍കുമ്പോള്‍ ഓഹരിയുടെ വിപണി വില ആ അനുപാതത്തില്‍ കുറയും (ഉദാഹരണത്തിന് വില പകുതിയായി കുറയും). എന്നാല്‍ നിക്ഷേപകന്റെ ആകെ നിക്ഷേപ മൂല്യത്തില്‍ മാറ്റമുണ്ടാകില്ല. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് എല്‍ഐസി ഓഹരികള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ സഹായിക്കും.
നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5% ഓഹരി പങ്കാളിത്തമുണ്ട്. ഭാവിയില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് ഈ ബോണസ് ഇഷ്യൂ സഹായകമായേക്കും. 2025 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ എല്‍ഐസി 12,930 കോടി രൂപ അറ്റാദായം നേടിയിരുന്നു (മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 17% വര്‍ധന്). നിലവില്‍ എല്‍ഐസിയുടെ കൈവശം ഏകദേശം 1.46 ലക്ഷം കോടി രൂപയുടെ കരുതല്‍ ശേഖരമുണ്ട്.
തങ്ങളെ വിശ്വസിച്ച നിക്ഷേപകര്‍ക്ക് നല്‍കുന്ന ഒരു സമ്മാനമായാണ് എല്‍ഐസി ഈ ബോണസ് ഇഷ്യൂവിനെ കാണുന്നത്. നിക്ഷേപകര്‍ക്ക് ഇതിലൂടെ കൂടുതല്‍ ഓഹരികള്‍ കൈവശം വെക്കാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച രീതിയില്‍ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ഈ വര്‍ഷം എല്‍ ഐ സിക്ക് സാധിച്ചു.ഓഹരി വിപണി കഴിഞ്ഞ ഒരു മാസത്തില്‍ തളര്‍ച്ചയില്‍ ആണെങ്കിലും, എല്‍ ഐ സി ഓഹരികള്‍ 4 ശതമാനത്തിലധികം ഉയര്‍ച്ചയിലാണ്.
Content Highlights: LIC announces its first-ever 1:1 bonus issue. Check key dates, issue size and other details