

ഇന്ത്യൻ ഗവൺമെന്റിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഒസിഐ സേവനങ്ങളുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. പുതിയ അപേക്ഷക്ക് 275 യുഎസ് ഡോളറാണ് ഫീസ്. ഇത് ഇന്ത്യൻ രൂപയിൽ കണക്കാക്കി വേണം നൽകാൻ. ഇന്ത്യയിൽ നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ15,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി നൽകണം. വിദേശത്ത് നിന്നാണ് അപേക്ഷിക്കുന്നതെങ്കിൽ 275 യുഎസ് ഡോളറോ അല്ലെങ്കിൽ അവിടുത്തെ പ്രാദേശിക കറൻസിയിൽ അതിന് തുല്യമായ തുകയോ നൽകണം.ഓൺലൈൻ പേയ്‌മെന്റ് സംവിധാനം വരുന്നത് വരെ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി മാത്രമേ പണം സ്വീകരിക്കൂ.

മറ്റ് സേവനങ്ങളുടെ നിരക്കുകൾ
പേരോ മറ്റ് വിവരങ്ങളോ മാറ്റാനോ അല്ലെങ്കിൽ 20 വയസ്സ് തികയുമ്പോൾ കാർഡ് പുതുക്കാനോ 25 ഡോളർ നൽകണം.അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ മാത്രമേ അയക്കാവുന്നതുള്ളൂ. കൊറിയർ സേവനങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല.
എവിടേക്ക് അയക്കണം?
വിദേശത്താണെങ്കിൽ നിങ്ങൾ ഏത് രാജ്യത്തെ പൗരനാണോ, ആ രാജ്യത്തെ ഇന്ത്യൻ മിഷനിലേക്കോ ഓഫീസിലേക്കോ ആണ് അപേക്ഷ അയക്കേണ്ടത്. നിലവിൽ പൗരത്വമുള്ള രാജ്യത്തല്ല നിങ്ങൾ താമസിക്കുന്നതെങ്കിൽ, ഇപ്പോൾ സാധാരണയായി താമസിച്ചു വരുന്ന രാജ്യത്തെ ഇന്ത്യൻ ഓഫീസിൽ അപേക്ഷ നൽകാം.ഇന്ത്യയിലാണെങ്കിൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ പരിധിയിൽ വരുന്ന ഓഫീസിലേക്കാണ് അപേക്ഷ അയക്കേണ്ടത്. അമൃത്സർ, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, കൊച്ചി, ഡൽഹി, ഗോവ, ഹൈദരാബാദ്, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ ഓഫീസുകൾ പ്രവർത്തിക്കുന്നത്.
പുതിയ കാർഡിനായി 100 ഡോളർ നൽകണം
പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കാൻ പുതിയ പാസ്‌പോർട്ട് ലഭിച്ച് 3 മാസത്തിനുള്ളിൽ ആ വിവരം ഒസിഐ കാർഡിൽ അപ്‌ഡേറ്റ് ചെയ്യണം. 3 മാസത്തിന് ശേഷമാണ് ചെയ്യുന്നതെങ്കിൽ 25 ഡോളർ വൈകിയതിനുള്ള പിഴയായി നൽകേണ്ടി വരും. ഒ.സി.ഐ കാർഡ് വേണ്ടെന്ന് വെക്കുകയാണെങ്കിൽ അതിന് 25 ഡോളർ ഫീസായി നൽകണം. പുതിയ ഒ.സി.ഐ കാർഡ് എടുക്കുന്നവർക്കും നിലവിലുള്ള കാർഡിൽ മാറ്റങ്ങൾ വരുത്തുന്നവർക്കും ഈ പുതിയ ഫീസ് ഘടന ബാധകമായിരിക്കും.
അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ
(എ) ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് പൗരത്വം ലഭിക്കാൻ യോഗ്യതയുള്ളവരായിരിക്കണം.
(ബി) 1947 ഓഗസ്റ്റ് 15-ന് ശേഷം ഇന്ത്യയുടെ ഭാഗമായിത്തീർന്ന ഒരു പ്രദേശത്ത് താമസിച്ചിരുന്നവരാകണം.
(സി) 1950 ജനുവരി 26-നോ അതിനു ശേഷമോ ഇന്ത്യയിൽ പൗരത്വമുള്ളവരായിരിക്കണം.
പാസ്‌പോർട്ട് കോപ്പി, ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ നൽകിയ താമസരേഖ, ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിൽ നിന്നോ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നോ ലഭിച്ച ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ താമസരേഖ, സ്കൂൾ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ ഉടമസ്ഥാവകാശ ആധാരം, അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് എന്നിങ്ങനെ ഇന്ത്യൻ ബന്ധം തെളിയിക്കാൻ സാധിക്കുന്ന മറ്റ് ഔദ്യോഗിക രേഖകൾ ഇതിനായി ഉപയോഗിക്കാം.
നിങ്ങൾക്കോ നിങ്ങളുടെ മുൻതലമുറയ്ക്കോ ഇന്ത്യയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഏതെങ്കിലും സർക്കാർ അംഗീകൃത രേഖയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്.
Content Highlights: India implements revised OCI fee structure and application rules; check fees, process, key requirements