

ഒഡിഷ തീരത്തിന് സമീപം മഹാനദി ഓഫ്‌ഷോറിൽ പ്രകൃതിവാതക സാന്നിധ്യം കണ്ടെത്തി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്. കേന്ദ്രസർക്കാരിന്റെ സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പര്യവേക്ഷണത്തിലാണ് കണ്ടെത്തൽ. ഏകദേശം 1,450 മീറ്റർ ആഴത്തിൽ വാതക സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാതക പ്രവാഹവും ലഭിച്ചതായാണ് റിപ്പോർട്ട്.
മഹാനദി ബേസിനിലെ എണ്ണ, പ്രകൃതിവാതക സാധ്യതകൾ കണ്ടെത്തുന്നതിനായി ഒഎൻജിസി നടത്തുന്ന വിപുലമായ പര്യവേക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിണർ കുഴിച്ചത്. കണ്ടെത്തിയ വാതകത്തിന്റെ അളവ്, ശേഖരത്തിന്റെ വ്യാപ്തി, ഗുണനിലവാരം, വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദന സാധ്യത എന്നിവ വിലയിരുത്താൻ കൂടുതൽ പരിശോധനകളും പഠനങ്ങളും ആവശ്യമാണ്. ഈ വിലയിരുത്തലുകൾ പൂർത്തിയായ ശേഷമായിരിക്കും കണ്ടെത്തൽ സാമ്പത്തികമായി എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്ന് വ്യക്തമാകുക.
ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യകത നിറവേറ്റുന്നതിൽ ആഭ്യന്തര പ്രകൃതിവാതക ഉൽപ്പാദനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണ, വാതകം എന്നിവയിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനും രാജ്യത്തെ ഊർജ സുരക്ഷ ശക്തമാക്കുന്നതിനുമായി കടലിലെ പുതിയ മേഖലകളിൽ പര്യവേക്ഷണം വ്യാപിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
മഹാനദി ബേസിനിലെ പുതിയ കണ്ടെത്തൽ ഈ മേഖലയിൽ കൂടുതൽ പര്യവേക്ഷണത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ആഴക്കടൽ മേഖലകളിലെ സാങ്കേതിക വെല്ലുവിളികൾക്കിടയിൽ ലഭിച്ച വാതക പ്രവാഹം ശ്രദ്ധേയമാണ്. സമുദ്ര മന്ഥൻ പദ്ധതിയുടെ ഭാഗമായി ഒഎൻജിസി നടത്തുന്ന പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ കണ്ടെത്തൽ നിർണായക മുന്നേറ്റമാണ്. 2026 ഓഗസ്റ്റിലാണ് രാജ്യത്തെ ഊർജ്ജ മേഖലയിൽ നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്കായി 84,084 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ഭീമമായ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം കൂട്ടി ഇറക്കുമതി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് പദ്ധതിയെ കാണുന്നത്.
Content Highlights: Gas found near Odisha coast: ONGC strikes Mahanadi deepwater well under Samudra Manthan, finds encouraging flow at 1,450 metres