

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 240 രൂപയുടെ വർധനയോടെ 1,12,320 രൂപയിലും
ഗ്രാമിന് 30 രൂപയുടെ മുന്നേറ്റത്തോടെ 1,4040 എന്ന നിലയ്ക്കുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 1,13,000 രൂപയിലായിരുന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 1,12,080 രൂപയിലേക്ക് എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ നേരിയ മുന്നേറ്റം.
അതേസമയം സ്വർണവില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി. ഔൺസിന് 4,369 ഡോളറിൽ നിന്ന് 4,279 ഡോളറിലേക്കാണ് ഇടിവ്. നിലവിൽ 4,300 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത ഉയർന്നതാണ് സ്വർണവില ഇടിയാൻ കാരണമായത്.
സെപ്റ്റംബർ 16നാണ് യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പണനയം പ്രഖ്യാപിക്കുന്നത്. അടുത്തിടെ പുറത്തുവന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ സെപ്റ്റംബറിൽ ഫെഡ് റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമാക്കിയിട്ടുണ്ട്. വിപണി വിലയിരുത്തലുകൾ പ്രകാരം, വരാനിരിക്കുന്ന ഫെഡ് യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം ഉയർത്താൻ 89% സാധ്യതയുണ്ട്. പണപ്പെരുപ്പ സമ്മർദ്ദം തുടരുകയാണെങ്കിൽ ഈ വർഷം തന്നെ കൂടുതൽ പലിശ വർധനകൾ ഉണ്ടായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പലിശനിരക്ക് ഉയർന്നാൽ ഡോളറും യുഎസ് ബോണ്ട് യീൽഡും ശക്തമാകുന്നത് സ്വർണത്തിന് തിരിച്ചടിയാകുകയും വിലയിൽ കനത്ത ഇടിവിന് വഴിയൊരുക്കുകയും ചെയ്യാം. മറിച്ച്, വിപണി പ്രതീക്ഷകൾക്ക് വിരുദ്ധമായി ഫെഡ് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തിയാൽ ഡോളറിന്റെ ശക്തി കുറയാനും സ്വർണത്തിലേക്കുള്ള നിക്ഷേപ താൽപര്യം ഉയരാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ സ്വർണവില വീണ്ടും മുന്നേറിയേക്കും.
8 ഗ്രാം 22 കാരറ്റ് സ്വർണം വാങ്ങുമ്പോൾ വിലയ്ക്ക് പുറമെ പണിക്കൂലിയും GSTയും കൂടി നൽകണം. നിലവിലെ നിരക്കിൽ 10 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 1,12,320യുടെ സ്വർണവിലയ്ക്ക് 11,232 പണിക്കൂലിയാകും. സ്വർണവിലയും പണിക്കൂലിയും ചേർന്ന 1,23,552 രൂപയ്ക്ക് 3 ശതമാനം GST കൂടി കണക്കാക്കിയാൽ ഏകദേശം 1,27,259 നൽകേണ്ടിവരും. ജ്വല്ലറിയും ആഭരണത്തിന്റെ ഡിസൈനും അനുസരിച്ച് പണിക്കൂലി മാറുന്നതിനാൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
Content Highlights: Gold Prices Under Pressure: US Rate Hike Bets Rise to 89%, Kerala Gold Sees a ₹240 Gain Today