

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 മത്സരത്തിൽ നിരാശപ്പെടുത്തിയതിനെ തുടർന്ന് സഞ്ജു സാംസണിന് നേരെ വിമർശനം ഉയരുകയാണ്.
എട്ട് പന്തിൽ 10 റൺസെടുത്ത് സഞ്ജു പുറത്തായതോടെയാണ് വിമർശനം. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയത്.
ഇന്ത്യൻ ടീമിൽ നിന്ന് താത്കാലികമായി പുറത്താക്കപ്പെട്ടതിന് ശേഷം ഫോം തെളിയിക്കാൻ സഞ്ജു ആഭ്യന്തര മത്സരങ്ങളിലൊന്നും കളിച്ചിരുന്നില്ലെന്നും, എന്നിട്ടും അഫ്ഗാനെതിരായ ആദ്യ ഇലവനിൽ സഞ്ജു എങ്ങനെ നേരിട്ട് ഇടംപിടിച്ചുവെന്നും കൈഫ് ചോദിച്ചു. ഫോമിലുള്ള വൈഭവ് സൂര്യവംശിയെപ്പോലുള്ള യുവതാരങ്ങളെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കൈഫ് 'ക്രിക്ബസ്' ചർച്ചയിൽ ചോദ്യമുയർത്തി.
ടീമില്‍ നിന്ന് തഴയപ്പെട്ടു കഴിഞ്ഞാൽ സാധാരണയായി ഏതെങ്കിലും ടൂർണമെന്റുകളിൽ കളിച്ച് ഫോം തെളിയിച്ചാണ് കളിക്കാർ തിരിച്ചെത്താറുള്ളത്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് സഞ്ജുവിന് അവസരം നൽകിയത്? സിംബാബ്വെ പരമ്പരയിൽ റൺസടിച്ച വൈഭവ് ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചിന്തിക്കുന്നുണ്ടാകും, കൈഫ് കൂട്ടിച്ചേർത്തു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ്. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണി മുതൽ തന്നെയാണ് മത്സരം. ആദ്യ കളിയില്‍ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുക. രണ്ടാം ടി 20 യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. സഞ്ജുവിന് പകരം വൈഭവ് ഇലവനിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.
content highlights:india vs afghanistan 2nd t20i predicted playing xi sanju-samson vaibhav suryavanshi