

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയാനും ഇറക്കുമതിച്ചെലവ് ചുരുക്കാനുമായി സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശങ്ങൾ വകവെക്കാതെ ഇന്ത്യൻ ഉപഭോക്താക്കൾ. സ്വർണത്തോടുള്ള ജനങ്ങളുടെ താല്പര്യത്തിൽ കുറവൊന്നും വന്നിട്ടില്ലെന്നും ആഭരണ വിൽപനയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും രാജ്യത്തെ മുൻനിര ജ്വല്ലറി ശൃംഖലയായ ടാറ്റയുടെ 'ടൈറ്റൻ' പുറത്തുവിട്ട കണക്കുകള്‍.
രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനായി സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തുകയും, അനാവശ്യമായി സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങളൊന്നും വിപണിയെ ബാധിച്ചില്ലെന്ന് തെളിയിക്കുന്നതാണ് കമ്പനിയുടെ ഏറ്റവും പുതിയ കണക്കുകൾ. ടൈറ്റന്റെ ലാഭത്തിൽ 63 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കഴിഞ്ഞ പാദത്തിൽ രേഖപ്പെടുത്തിയത്.
ഇടപാടുകാരുടെ എണ്ണത്തിലും കാര്യമായ മുന്നേറ്റമുണ്ടായി. ആഗോളതലത്തിൽ സ്വർണാഭരണങ്ങളുടെ ആവശ്യകതയിൽ മൂന്നിലൊന്നും ഇന്ത്യയിൽ നിന്നാണെന്നിരിക്കെ, ഉത്സവ-വിവാഹ സീസണുകൾ വിപണിക്ക് കൂടുതൽ കരുത്തുപകർന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്ന ഇടത്തരക്കാർ പോലും സ്വർണത്തെ സുരക്ഷിതമായ ഒരു ആസ്തിയായാണ് ഇപ്പോഴും കാണുന്നതെന്ന് ടൈറ്റൻ സി.ഇ.ഒ അജോയ് ചൗളയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ അശോക് സോന്താലിയയും ചൂണ്ടിക്കാട്ടുന്നു. പെട്ടെന്ന് വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽപ്പോലും ദീർഘകാല നിക്ഷേപമെന്ന നിലയിലാണ് ഇന്ത്യക്കാർ സ്വർണം വാങ്ങിക്കൂട്ടുന്നത്.
ആഭ്യന്തര വിപണിയിലെ ഈ ശക്തമായ മുന്നേറ്റത്തിനൊപ്പം, വിദേശങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് മിഡിൽ ഈസ്റ്റിലും വടക്കേ അമേരിക്കയിലും കൂടുതൽ സ്റ്റോറുകൾ ആരംഭിച്ച് പ്രവർത്തനം വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Titan has benefited from India's strong demand for gold jewellery, with high gold prices failing to significantly weaken consumer interest. The company's jewellery business continues to be a major contributor to its financial performance, reflecting the enduring preference for gold among Indian consumers despite efforts to moderate gold consumption and rising import costs.