

ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുള്ളയാളെന്ന ആരോപണത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള സിപിഐഎം നേതാവ് എം എം അനസ് അലിയുടെ ഭീഷണിക്ക് മറുപടിയുമായി ജി സുധാകരന്‍ എംഎല്‍എ. പലതും വെളിപ്പെടുത്തുമെന്നാണ് പൊട്ടിക്കരഞ്ഞ നേതാവിന്റെ ഭീഷണി. അഞ്ചുതവണ നിയമസഭയില്‍ മത്സരിച്ചപ്പോള്‍ ഒന്നും ആരും മിണ്ടിയിട്ടില്ല. ഭീഷണിപ്പെടുത്തിയതിന് വേണമെങ്കില്‍ കേസ് കൊടുക്കാമെന്നും ജി സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയക്കാര്‍ ഒരു ദുരാരോപണത്തിനും വിധേയരാകരുത്. ദുരാരോപണം വന്നാല്‍ അത് ശരിയല്ലെന്ന് പറയണം. അല്ലാതെ ആരോപണം ഉന്നയിക്കുന്നയാളുടെ തന്തയ്ക്ക് വിളിക്കുകയല്ല വേണ്ടത്. പൊട്ടിക്കരഞ്ഞ നേതാവിന് ലഹരി ബന്ധമുണ്ടെന്ന് ജനങ്ങളാണ് ആരോപിക്കുന്നത് എന്നും ജി സുധാകരന്‍ പറഞ്ഞു. ലഹരി മാഫിയ ബന്ധമുള്ള സിപിഐഎം നേതാവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വേദി പങ്കിട്ടുവെന്നായിരുന്നു ജി സുധാകരന്റെ ആരോപണം.
ഇതില്‍ വിതുമ്പികൊണ്ടായിരുന്നു അനസ് അലി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. ജി സുധാകരന്റെ ആക്ഷേപത്തിന് ശേഷം കുടുംബത്തിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ആക്ഷേപം തുടര്‍ന്നാല്‍ ജി സുധാകരനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ പരസ്യമായി ജി സുധാകരന്‍ മാപ്പ് പറയണം. സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താന്‍. ഇനിയും തനിക്കെതിരെ പറഞ്ഞാല്‍ താനും ഒത്തിരി കാര്യങ്ങള്‍ പറയും. താന്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ സുധാകരന് തലയില്‍ മുണ്ടിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അനസ് അലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജി സുധാകരനെതിരെ അനസ് അലി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
Content Highlights: Senior politician G Sudhakaran has responded to an alleged threat by CPIM leader M M Anas Ali