സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി, ഭരണം മാറിയത് അറിഞ്ഞില്ലെങ്കില്‍ അറിയിക്കണം; വിമർശനവുമായി ജിന്റോ ജോണ്‍

വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തുടർനടപടികൾ നിർത്തിവെക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി

സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി, ഭരണം മാറിയത് അറിഞ്ഞില്ലെങ്കില്‍ അറിയിക്കണം; വിമർശനവുമായി ജിന്റോ ജോണ്‍
dot image

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ രംഗത്ത്. സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി കുപ്പായക്കാര്‍ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയും സര്‍ക്കാരും അറിയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

സ്ത്രീ വിരുദ്ധതയും വര്‍ഗീയ ഉള്ളടക്കവും പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന യൂടൂബര്‍ ആരിഫ് ഹുസൈനെതിരായ വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അയാള്‍ മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിന് എന്ന പേരില്‍ പറയുന്നതെല്ലാം കടുത്ത ഇസ്‌ലാമോഫോബിയയും വര്‍ഗ്ഗീയതയുമാണെന്ന് ചൂണ്ടിക്കാട്ടുന്ന ജിന്റോ, ആരിഫ് ഹുസൈനെതിരെ നിയമ നടപടി വൈകുന്നതിലുള്ള വിമര്‍ശനവും രേഖപ്പെടുത്തുന്നുണ്ട്. സംഘപരിവാറിന്റെ ഷാഡോ പണിയെടുക്കുന്ന ആരിഫ് ഹുസൈനെതിരെ ഇനിയും കേസെടുക്കാന്‍ മടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തികഞ്ഞ സംഘപരിവാര്‍ ബോധത്താല്‍ നയിക്കപ്പെടുന്നവരാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Also Read:

അവര്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയമല്ല ഫോളോ ചെയ്യുന്നതെന്നും ജിന്റോ കുറ്റപ്പെടുത്തി. ആരിഫ് ഹുസൈന്റെ സംഘിബോധത്തെ ഫോളോ ചെയ്യുന്ന ഏമാന്മാര്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വയ്ക്കുന്ന ഭരണഘടനാ മൂല്യങ്ങളുടെ രാഷ്ട്രീയത്തെ അണ്‍ഫോളോ ചെയ്യുന്നു. വി ഡി സതീശനേക്കാള്‍ വലിയ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയേക്കാള്‍ വലിയ ആഭ്യന്തരമന്ത്രിയും ചക്കരക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇല്ലെന്ന് കരുതുന്നു എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. കണ്ണുള്ളവര്‍ കണ്ടും കാതുള്ളവര്‍ കേട്ടും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പൊലീസില്‍ കഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പ്രേതബാത തുടരുന്നുവെന്നും ഇത്തരക്കാരെ ആഭ്യന്തര വകുപ്പ് മന്ത്രി നിയന്ത്രിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലും ആവശ്യപ്പെട്ടു. വസ്തുത പരിശോധിക്കാതെ തിടുക്കത്തില്‍ കേസ് എടുത്തത് പരിശോധിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് എംഎല്‍എ പി കെ ഫിറോസ് രംഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് അബ്ദുള്ള ബാസില്‍ പങ്കെടുത്തത്.

ചര്‍ച്ച നയിച്ച അവതാരകയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ 10 വര്‍ഷം പോലെ അനാവശ്യ കേസ് എടുക്കാന്‍ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്‌ലിം ലീഗ് അധികാരത്തില്‍ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രിയെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല, പക്ഷെ വര്‍ഗീയത പറയുന്നവരുടെ യാഥാര്‍ഥ്യം പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കാന്‍ മുസ്ലിം ലീഗ് അനുവദിക്കില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ തുടർനടപടികൾ നിർത്തിവെക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. സീറോ എഫ്‌ഐആര്‍ റദ്ദാക്കാനും തുടര്‍ നടപടികള്‍ വേണ്ടെന്നുമാണ് നിര്‍ദേശം. കൂടാതെ വിവാദ യൂടൂബര്‍ ആരിഫ് ഹുസൈനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: Youth Congress leader Jinto John has strongly criticised the police action against Mujahid student leader Dr Abdulla Basil over remarks made during a channel debate. He questioned the differing approach to cases involving Basil, Sunny M Kappikkad and YouTuber Arif Hussain, while alleging that police action has been inconsistent.

dot image
To advertise here,contact us
dot image