

യുഎഇയിൽ താമസ-വിസ നിയമലംഘനങ്ങളിൽ ഉൾപ്പെട്ടവർ തെറ്റ് തിരുത്തി നിയമവിധേയമായി ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA). തങ്ങളെ സമീപിക്കുന്നവരെ കൃത്യമായ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകി സുരക്ഷിതമായ ഒരു ജീവിതത്തിലേക്ക് നയിക്കാനാണ് ജിഡിആർഎഫ്എ എന്നും മുൻഗണന നൽകുന്നതെന്ന് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുബായ് ജിഡിആർഎഫ്എ ഹെഡ് ഓഫീസിൽ വ്യാജ ഫ്രീലാൻസ് വിസകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിനിടെ, എമിറേറ്റ്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അറിഞ്ഞോ അറിയാതെയോ വിസ നിയമങ്ങളിൽ വീഴ്ച സംഭവിച്ചവർക്ക് വലിയ ആശ്വാസമാണ് ജിഡിആർഎഫ്എയുടെ ഈ പ്രഖ്യാപനം. "ഞങ്ങളുടെ അടുക്കൽ നേരിട്ടെത്തി കാര്യം തുറന്നുപറയുന്ന ഏത് വ്യക്തിയെയും സഹായിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. അറിഞ്ഞോ അറിയാതെയോ ചെറിയതോ വലിയതോ ആയ തെറ്റുകൾ സംഭവിച്ചവർ അത് തിരുത്താൻ മുന്നോട്ടുവരുമ്പോൾ, അവരെ പൂർണ്ണമായി പിന്തുണയ്ക്കുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. അവർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന രീതിയിലായിരിക്കും ഞങ്ങളുടെ സമീപനം. സ്ത്രീകളായാലും പുരുഷന്മാരായാലും കുട്ടികളായാലും ഞങ്ങളെ സമീപിക്കുന്ന ആർക്കും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ല. ശരിയായ രീതിയിൽ ജീവിതം വീണ്ടും ആരംഭിക്കുന്നതുവരെ അവർക്കൊപ്പം ജിഡിആർഎഫ്എ ഉണ്ടാകും" എന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി വ്യക്തമാക്കി.
അതേസമയം, വ്യാജ വിസകൾ നൽകി ആളുകളെ ചതിക്കുന്ന തട്ടിപ്പുസംഘങ്ങൾക്കെതിരെ ദുബായ് ഭരണകൂടം കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഫ്രീലാൻസ് വിസകൾ പ്രൊമോട്ട് ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്ത പ്രശസ്തനായ ഒരു ഗായകനെയും സഹായികളെയും കഴിഞ്ഞ ദിവസം ദുബായ് പൊലീസുമായി സഹകരിച്ച് ജിഡിആർഎഫ്എ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലെ ജനപ്രീതി ദുരുപയോഗം ചെയ്ത് വ്യാജ വിസ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെയും, താമസ-വിസ നിയമങ്ങൾ ബോധപൂർവ്വം ലംഘിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlights: Dubai's GDRFA has announced support for people affected by visa fraud, helping them regularize their immigration status and continue living legally in the UAE. The initiative aims to assist victims who may have been misled or exploited through fraudulent visa arrangements.