എൽഐസി ഹൗസിങ് ഫിനാൻസിന് വൻ നഷ്ടമുണ്ടാക്കി; മുൻ ബിജെപി എംപി സുഭാഷ് ചന്ദ്രയ്ക്കെതിരെ കേസെടുത്ത് സിബിഐ

സിബിഐയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

എൽഐസി ഹൗസിങ് ഫിനാൻസിന് വൻ നഷ്ടമുണ്ടാക്കി; മുൻ ബിജെപി എംപി സുഭാഷ് ചന്ദ്രയ്ക്കെതിരെ കേസെടുത്ത് സിബിഐ
dot image

മുൻ ബിജെപി എംപിയും 'സീ' സ്ഥാപനത്തിന്റെ ഉടമയുമായിരുന്ന സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസ്.
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് 1,322 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ചാണ് കേസ്. സിബിഐയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുഭാഷ് ചന്ദ്രയ്‌ക്കൊപ്പം വസന്ത് സാഗർ പ്രോപ്പർടീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ പങ്കജ് സുരോലിയ, പാൻ ഇന്ത്യ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റൽ സബ്സ്ക്രൈബർ മാനേജ്‌മന്റ് ആൻഡ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അമിഷ് പാണ്ട്യ, സ്പിരിറ്റ് ഇൻഫ്രാപവർ ആൻഡ് മൾട്ടിവേഴ്സ് ഡയറക്ടർ രാജീവ് ധോലോകിയ തുടങ്ങിയ നിരവധി പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എൽഐസിയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. 2018ൽ രണ്ട് ഗ്യാരണ്ടിക്ക് മേൽ കമ്പനി സുഭാഷ് ചന്ദ്രയ്ക്ക് ലോൺ അനുവദിച്ചിരുന്നു.വസന്ത് സാഗർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനും പാൻ ഇന്ത്യ ഇൻഫ്രാപ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനും 500 കോടി രൂപയുടെ ഒരു വായ്പയും, ഡിജിറ്റൽ സബ്സ്ക്രൈബർ മാനേജ്മെന്റ് ആൻഡ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനും സ്പിരിറ്റ് ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനും 480 കോടി രൂപയുടെ വായ്പയുമാണ് അനുവദിച്ചത്.

സുഭാഷ് ചന്ദ്ര സമർപ്പിച്ച 59,113.21 കോടി, 40,000 കോടി രൂപയുടെ ആസ്തി മൂല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വായ്പകൾ അനുവദിച്ചത്. എന്നാൽ പാപ്പരത്ത നടപടികളുടെ ഭാഗമായുള്ള അന്വേഷണത്തിൽ സുഭാഷ് ചന്ദ്ര പിന്നീട് നിഷേധിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് സമർപ്പിച്ച കാലയളവുകളിൽ തന്റെ ആസ്തി മൂല്യം 31.79 കോടി രൂപ മാത്രമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് എൽഐസി കേസ് നൽകിയത്.

വ്യാജരേഖ ചമച്ച് പണം തട്ടിയെന്നും വഞ്ചിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്. പ്രതി രാജ്യം വിട്ടുപോയേക്കുമെന്നും അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഉടൻ കണ്ടെത്തണമെന്നും പരാതിയിലുണ്ട്.

സുഭാഷ് ചന്ദ്രയെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ഒരു വാർത്ത വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. സുഭാഷ് ചന്ദ്രയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ തിരിച്ചടയ്ക്കാനുള്ള കോടികളുടെ ബാധ്യതയിൽ എന്‍സിഎല്‍ടി വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. 22,000 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ സുഭാഷ് ചന്ദ്ര കേവലം ആറര കോടി രൂപ നല്‍കിയാല്‍ മതി എന്നായിരുന്നു ട്രിബ്യൂണലിന്റെ വിചിത്ര ഉത്തരവ്.

ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുള്‍സ് നല്‍കിയ കേസിലായിരുന്നു ട്രിബ്യൂണൽ വിധി പ്രഖ്യാപിച്ചത്. വ്യക്തിഗത പാപ്പരത്ത തിരിച്ചടവ് പദ്ധതിക്ക് എന്‍സിഎല്‍ടി അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ വായ്പാ ദാതാക്കള്‍ക്ക് ലഭിക്കേണ്ട 99.97% തുക നഷ്ടപ്പെടും എന്നാണ് വിവരം. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്. സുഭാഷ് ചന്ദ്രയുടെ തന്നെ സ്ഥാപനമായ വിവേക് ഇന്‍ഫോകോണിന് വേണ്ടി 170 കോടി രൂപ ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് എന്‍സിഎല്‍ടിസിയെ സമീപിച്ചത്.

Content Highlights: The CBI has registered a case against former BJP MP and Zee Group promoter Subhash Chandra over allegations of causing a ₹1,322 crore loss to LIC Housing Finance Limited. The case concerns alleged financial irregularities and is being investigated by the Central Bureau of Investigation.

dot image
To advertise here,contact us
dot image