

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 2025–26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. ആകെ അറ്റലാഭം 11.1 ശതമാനം ഉയർന്ന് 1.98 ലക്ഷം കോടിയിലെത്തി. തുടർച്ചയായ നാലാം വർഷമാണ് പൊതുമേഖലാ ബാങ്കുകൾ റെക്കോർഡ് ലാഭം രേഖപ്പെടുത്തുന്നത്.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടി പ്രകാരം, 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വളർന്ന് 283.3 ലക്ഷം കോടിയിലെത്തി. ഇതിൽ മൊത്തം വായ്പകൾ (Advances) 15.7 ശതമാനം ഉയർന്ന് 127 ലക്ഷം കോടിയായപ്പോൾ, നിക്ഷേപങ്ങൾ (Deposits) 156.3 ലക്ഷം കോടിയായി വർധിച്ചു.
വായ്പാ വിതരണത്തിൽ റീട്ടെയിൽ, കാർഷികം, എംഎസ്എംഇ മേഖലകളാണ് മുന്നിൽ. ഈ മേഖലകളിലെ ശക്തമായ വായ്പാ വളർച്ച ബാങ്കുകളുടെ ബിസിനസ് വികസനത്തിന് പ്രധാന കരുത്തായി. ചെറുകിട സംരംഭങ്ങൾക്കും കാർഷിക മേഖലയ്ക്കും കൂടുതൽ വായ്പ ലഭിച്ചതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ബാങ്കുകളുടെ ആസ്തി നിലവാരത്തിലും ശ്രദ്ധേയമായ പുരോഗതിയുണ്ടായി. മൊത്തം കിട്ടാക്കടം 1.93 ശതമാനമായും അറ്റ കടം 0.39 ശതമാനമായും കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന കിട്ടാക്കട നിരക്കാണിത്. കൂടാതെ, കിട്ടാക്കടങ്ങളിൽ നിന്ന് 86,971 കോടി വീണ്ടെടുക്കാനും ബാങ്കുകൾക്ക് സാധിച്ചു.
കമ്പനികളുടെ പ്രവർത്തന ലാഭം 3.21 ലക്ഷം കോടിയായി ഉയർന്നപ്പോൾ, ബാങ്കുകളുടെ മൂലധന പര്യാപ്തതാ അനുപാതം 16.6 ശതമാനമായി മെച്ചപ്പെട്ടു. സാങ്കേതികവിദ്യയുടെ വ്യാപക ഉപയോഗം, മികച്ച റിസ്‌ക് മാനേജ്മെന്റ്, ചെലവ് നിയന്ത്രണം, വായ്പാ ഗുണനിലവാരത്തിലെ പുരോഗതി എന്നിവയാണ് ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളുടെ ഈ പ്രകടനം ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങൾ ഫലം കാണുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരാൻ ഈ ബാങ്കുകൾ ഇപ്പോൾ കൂടുതൽ സജ്ജമാണെന്നും സർക്കാർ വിലയിരുത്തുന്നു.
Content Highlights: Public sector banks post record profits in FY26 as bad loans fall to historic low