'എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ല'; രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട്

സ്ഥാനക്കയറ്റത്തിന് ഇനി സ്‌ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

'എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ല'; രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട്
dot image

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ നടപടി എടുത്തത്. സ്ഥാനക്കയറ്റത്തിന് ഇനി സ്‌ക്രീനിങ് കമ്മിറ്റിയുടെ ആവശ്യമില്ല. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ അടുത്തയാള്‍ക്ക് അവസരം ലഭിക്കും. വസ്തുത അറിയാതെയാണ് പലരും പ്രചരണം നടത്തുന്നതെന്നും രമേശ് ചെന്നിത്തല റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഡിജിപി തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ആ തീരുമാനമെടുക്കുമ്പോള്‍ വളരെ അവധാനത ഞങ്ങള്‍ കാണിക്കുകയുണ്ടായി. കേന്ദ്ര സര്‍വ്വീസിലുള്ള ഒരുദ്യോഗസ്ഥന് സ്ഥാനക്കയറ്റം തടയുന്നത് മൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന് അയാളെ സസ്‌പെന്‍ഡ് ചെയ്യണം, രണ്ട് വകുപ്പ് തല നടപടിയുണ്ടാകണം, മൂന്ന് ക്രിമിനല്‍ കേസില്‍ പ്രതിയായി കുറ്റപത്രം സമര്‍പ്പിക്കണം. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതാണല്ലോ. അപ്പോള്‍ മറ്റ് സംശയങ്ങള്‍ക്ക് ഇടയില്ല', അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിൽ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇന്നലെ തള്ളിയിരുന്നു. അജിത് കുമാര്‍ ഡിജിപി ആകാന്‍ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്രിബ്യൂണലിൻ്റെ നടപടി. സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് അജിത് കുമാറിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയത്.

തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എം ആര്‍ അജിത് കുമാര്‍ അടിയന്തര ഹര്‍ജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. ഇന്ന് നടക്കാനിരിക്കുന്ന മന്ത്രിസഭായോഗത്തില്‍ പുതിയ ഡിജിപിമാരെ നിശ്ചയിക്കുമ്പോള്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുമെന്നും അത് തടയണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടിരുന്നു.

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ കിട്ടിയത്. ഡിജിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.

Content Highlights: ramesh Chennithala told Reporter TV that M R Ajith Kumar will not receive promotion to the post of DGP

dot image
To advertise here,contact us
dot image