

യുഎഇയില്‍ ഡെലിവറി ബോയ് എന്നല്ലാതെ, ഡെലിവെറി വുമണ്‍ എന്ന് പറയുന്നത് കുറവാണ്. അതുപോലെ തന്നെയാണ് ഈ ജോലി രംഗത്തും. വര്‍ഷങ്ങളായി പുരുഷന്മാരുടെ മാത്രം ജോലിയായാണ് ഇത് കണക്കാക്കിയിരുന്നത്. അതിനൊരു മാറ്റം കൊണ്ടുവരികയാണ് യുഎഇയിലെ തലാബത്ത് ഡെലിവെറി കമ്പനി.
സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തലാബത്ത് യുഎഇ ആദ്യഘട്ടത്തില്‍ 20 വനിതാ റൈഡര്‍മാരെ ഡെലിവറി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ലോജിസ്റ്റിക്സ്, ഡെലിവറി മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ ഇത് ഒരു സുപ്രധാന ചുവടുവെപ്പായാണ് കമ്പനി വിലയിരുത്തുന്നത്. ഹസീന ബീബി മെഹ്‌റോബന്‍ ഷാ, ഒലിവര്‍ നങ്ക്വാങ്ങ, സുഹൈറ നന്റോംഗോ തുടങ്ങിയവരാണ് പുതിയ വുമണ്‍ ഡെലിവെറി റൈഡേര്‍ഴ്‌സ്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസം, സ്വയംപര്യാപ്തത എന്നിവയാണ് ഇവരെ ഈ മേഖലയിലേക്ക് എത്തിച്ചതെന്ന് അവര്‍ പറയുന്നു.
'സത്യസന്ധമായ എല്ലാ ജോലികള്‍ക്കും മാന്യതയുണ്ട്' എന്നാണ് ഒറ്റയ്ക്ക് താമസിക്കുന്നതും നാല് പെണ്‍കുട്ടികളുടെ അമ്മയുമായ ഹസീന ബീബി മെഹ്‌റോബന്‍ ഷാ ജോലിയെ കുറിച്ച് പറയുന്നത്. തുടക്കത്തില്‍ സുരക്ഷയെ കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് അഭിമാനമായി മാറിയെന്നും അവർ പറഞ്ഞു. ഒരുകാലത്ത് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇന്ന് പ്രതീക്ഷയുണ്ടെന്നും അതാണ് ജീവിതം മാറ്റിമറിച്ചതെന്നും അവര്‍ വ്യക്തമാക്കി. യുഎഇയിലെ സുരക്ഷിതമായ അന്തരീക്ഷമാണ് ഈ ജോലി ആത്മവിശ്വാസത്തോടെ ചെയ്യാന്‍ സഹായിച്ചതെന്നും ഉപഭോക്താക്കളുടെ ബഹുമാനവും പ്രോത്സാഹനവും മുന്നോട്ട് പോകാന്‍ പ്രചോദനമാണെന്നും അവര്‍ പറഞ്ഞു.
ഉഗാണ്ടയില്‍ നിന്ന് ആരംഭിച്ച് എട്ട് വര്‍ഷത്തിന് മുകളിലായി ഡെലിവറി റൈഡറായി ജോലി ചെയ്യുന്ന ഒലിവര്‍ നങ്ക്വാങ്ങയ്ക്ക് ഈ ജോലി ഉപജീവന മാര്‍ഗം മാത്രമല്ല ജീവിതലക്ഷ്യവുമാണ്. അഞ്ച് മക്കളുടെ പഠനച്ചെലവും കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങളും നിറവേറ്റാന്‍ ഈ തൊഴില്‍ സഹായിക്കുന്നതായി അവര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ തന്നെ ഒരു കഠിനാധ്വാനിയും ആത്മവിശ്വാസമുള്ള സ്ത്രീയുമായാണ് കാണേണ്ടതെന്നും, പുരുഷന്മാര്‍ മാത്രം ചെയ്യുന്ന ജോലി എന്ന നിലയില്‍ കാണരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുഹൈറ നന്റോംഗോയും ഈ ജോലി തെരഞ്ഞെടുക്കുമ്പോള്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സംശയങ്ങളും എതിര്‍പ്പുകളും നേരിട്ടിരുന്നു. എന്നാല്‍, സത്യസന്ധമായി ഉപജീവനം കണ്ടെത്താനുള്ള മാന്യമായ മാര്‍ഗമായാണ് അവര്‍ ഈ ജോലിയെ കണ്ടത്. പല ഉപഭോക്താക്കളും അഭിനന്ദിക്കുകയും കൗതുകത്തോടെ സംസാരിക്കുകയും ചെയ്യുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും സ്ത്രീകള്‍ക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റാന്‍ കഴിയുന്നത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നും അവര്‍ പറഞ്ഞു. 'പുരുഷന്മാരുടെ ജോലി എന്നൊന്നില്ല. വിജയത്തെ നിര്‍ണയിക്കുന്നത് ലിംഗമല്ല ദൃഢനിശ്ചയമാണ്' എന്നും അവര്‍ പറഞ്ഞു.
വ്യത്യസ്ത ജീവിതാനുഭവങ്ങളില്‍ നിന്നെത്തിയവരായിരുന്നാലും ഈ വനിതാ റൈഡര്‍മാര്‍ക്ക് ഒരേ സന്ദേശമാണ് നല്‍കാനുള്ളത്, സത്യസന്ധമായ എല്ലാ ജോലികള്‍ക്കും ബഹുമാനമുണ്ട്. ഒരു വ്യക്തിയുടെ കഴിവിനെ നിര്‍ണയിക്കുന്നത് ലിംഗമല്ല, പരിശ്രമവും ആത്മവിശ്വാസവുമാണ്. കൂടുതല്‍ സ്ത്രീകള്‍, പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലകളിലേക്ക് കടന്നുവരാന്‍ തങ്ങളുടെ യാത്ര പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തലാബത്ത് കമ്പനി വ്യക്തമാക്കി.
Content Highlight: Talabat has introduced its first women delivery riders in the UAE, marking a historic milestone for the company's delivery workforce