

രാജ്യത്തെ കോടിക്കണക്കിന് ശമ്പളക്കാരെ ബാധിക്കുന്ന സുപ്രധാന മാറ്റത്തിന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. സോഷ്യൽ സെക്യൂരിറ്റി കോഡ്, 2020 പ്രകാരം നിലവിൽ വന്ന ഇപിഎഫ് സ്കീം 2026-ൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും നിർബന്ധ പ്രൊവിഡന്റ് ഫണ്ട് സംഭാവന പ്രതിമാസം 1,800 രൂപയായി ആയി പരിമിതപ്പെടുത്തി. ഇതിന് മുകളിലുള്ള PF സംഭാവന ഇനി നിർബന്ധമല്ല. ജീവനക്കാരനും തൊഴിലുടമയും ആഗ്രഹിച്ചാൽ മാത്രം അധിക തുക PF അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.
നിലവിൽ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (DA) 12 ശതമാനമാണ് EPF വിഹിതമായി ഈടാക്കുന്നത്. എന്നാൽ നിയമപരമായ വേതനപരിധിയായ 15,000 അടിസ്ഥാനമാക്കിയുള്ള നിർബന്ധ പിഎഫ് വിഹിതം 1,800 രൂപ ആണെന്ന് പുതിയ ചട്ടം വ്യക്തത വരുത്തുന്നു. അതിനാൽ 15,000-ന് മുകളിലുള്ള അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരിൽ നിന്ന് കൂടുതൽ തുക പിഎഫ്ഈ ഇനത്തിൽ ഈടാക്കുന്നത് ഇനി നിർബന്ധമല്ല.
പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ യഥാർഥ അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ഇതുവരെ പിഎഫ് കണക്കാക്കിയിരുന്നത്. ഉദാഹരണത്തിന്, 60,000 അടിസ്ഥാന ശമ്പളമുള്ള ഒരാളിൽ നിന്ന് പ്രതിമാസം 7,200 വരെ പിഎഫ് വിഹിതം പിടിക്കാറുണ്ടായിരുന്നു. ഇതിന് തുല്യമായ തുക തൊഴിലുടമയും അടയ്ക്കുമായിരുന്നു. പുതിയ ചട്ടപ്രകാരം, നിർബന്ധ സംഭാവന 1,800 വീതം മാത്രമായതിനാൽ, ഇതിന് മുകളിലുള്ള സംഭാവന നൽകണമെങ്കിൽ അത് സ്വമേധയാ (Voluntary PF) തുടരണം. ഇക്കാര്യത്തിൽ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള ധാരണ നിർണായകമാണ്.
പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ, നിലവിൽ ഉയർന്ന പിഎഫ് വിഹിതം നൽകുന്ന ജീവനക്കാർക്ക് എല്ലാ മാസവും കൈയിൽ ലഭിക്കുന്ന ശമ്പളം വർധിക്കാൻ സാധ്യതയുണ്ട്. ഉദാഹരണമായി, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 50,000 ആണെങ്കിൽ നിലവിൽ 12 ശതമാനം പ്രകാരം 6,000 PF ആയി പിടിക്കുന്നുണ്ട്. പുതിയ ചട്ടപ്രകാരം കമ്പനി നിർബന്ധ പിഎഫ് മാത്രമായി 1,800 ഈടാക്കാൻ തീരുമാനിച്ചാൽ ജീവനക്കാരന് പ്രതിമാസം 4,200 അധികം കൈയ്യിൽ കിട്ടും.
ഇൻഹാൻഡ് ശമ്പളം കൂടുമെന്നത് താൽക്കാലിക നേട്ടമാണെങ്കിലും, ദീർഘകാല വിരമിക്കൽ സമ്പാദ്യത്തെ ഇത് ബാധിക്കുമെന്നാണ് ധനകാര്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പിഎഫ് അക്കൗണ്ടിലേക്ക് ഓരോ മാസവും നിക്ഷേപിക്കുന്ന തുക കുറയുന്നതോടെ വർഷങ്ങളായി ലഭിക്കുന്ന കോമ്പൗണ്ട് പലിശയുടെ നേട്ടവും കുറയും. അതിനാൽ വിരമിക്കുമ്പോൾ ലഭിക്കുന്ന ആകെ പിഎഫ് കോർപ്പസ് ഗണ്യമായി കുറഞ്ഞേക്കാം. അതുകൊണ്ടുതന്നെ ദീർഘകാല സമ്പാദ്യം ലക്ഷ്യമിടുന്നവർക്ക് വോളണ്ടറി പിഎഫ് തുടരുന്നത് ഗുണകരമായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പുതിയ ഇപിഎഫ് സ്കീം 2026 വന്നെങ്കിലും അടിസ്ഥാന ഘടനയിൽ വലിയ മാറ്റങ്ങളില്ല. ജീവനക്കാരന്റെയും തൊഴിലുടമയുടെയും സംഭാവന നിരക്ക് 12 ശതമാനം തന്നെയാണ്. നിയമപരമായ വേതനപരിധി 15,000 തന്നെയാണ്. ഇപിഎഫ് പലിശനിരക്കിൽ മാറ്റമില്ല.
നിലവിലുള്ള UAN സംവിധാനവും ഇപിഎഫ് അംഗത്വവും തുടരും.
പിഎഫ് സംഭാവനയിലെ വ്യക്തതയ്ക്കൊപ്പം, പിൻവലിക്കൽ ചട്ടങ്ങളും ലളിതമാക്കിയിട്ടുണ്ട്. മുമ്പുണ്ടായിരുന്ന നിരവധി പിൻവലിക്കൽ വിഭാഗങ്ങൾ ചുരുക്കി മൂന്ന് പ്രധാന വിഭാഗങ്ങളാക്കിയിട്ടുണ്ട്. കൂടാതെ, ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ചട്ടത്തിൽ വ്യവസ്ഥകളുണ്ട്. പുതിയ സ്കീം 2026 ജീവനക്കാർക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുമ്പോൾ, വിരമിക്കലിനുള്ള സമ്പാദ്യം എത്രത്തോളം തുടരണമെന്നത് ഇനി വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തെയും തൊഴിലുടമയുമായുള്ള ധാരണയെയും ആശ്രയിച്ചായിരിക്കും.
Content Highlights: EPF-2026 rules: Will your take-home salary increase under the new ₹1,800 PF contribution cap?