'കുപ്പം ഇനി സ്വർണ കുപ്പം': ആന്ധ്രപ്രദേശ് നിർത്തുന്നില്ല: മറ്റൊരു സ്വർണഖനി കൂടി ഉടന്‍ യാഥാർത്ഥ്യമായേക്കും

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശം രാജ്യത്തെ പ്രധാന സ്വർണ്ണ ഖനന ഹബ്ബായി മാറും

'കുപ്പം ഇനി സ്വർണ കുപ്പം': ആന്ധ്രപ്രദേശ് നിർത്തുന്നില്ല: മറ്റൊരു സ്വർണഖനി കൂടി ഉടന്‍ യാഥാർത്ഥ്യമായേക്കും
അജ്മല്‍ എം കെ
3 min read|05 Jul 2026, 12:58 pm
dot image

തിരുപ്പതി: അത്യാധുനിക ഖനന സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ സ്വന്തം മണ്ഡലമായ കുപ്പത്ത് ഉടൻ തന്നെ സ്വർണ്ണ ഉൽപ്പാദനം ആരംഭിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. കുപ്പത്ത് നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ കർണൂൽ ജില്ലയിലെ ജൊന്നഗിരി സ്വർണ്ണ ഖനന പദ്ധതി താൻ ഉദ്ഘാടനം ചെയ്ത കാര്യം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. കുപ്പത്തെ ഖനന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശം രാജ്യത്തെ പ്രധാന സ്വർണ്ണ ഖനന ഹബ്ബായി മാറുമെന്നും കുപ്പം ഇനി 'സ്വർണ്ണ കുപ്പം' എന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല സന്ദർശനത്തിനിടയിൽ 9,322 കോടി രൂപയുടെ മുപ്പതോളം വികസന പദ്ധതികൾക്കും ധാരണാപത്രങ്ങൾക്കും മുഖ്യമന്ത്രി തുടക്കം കുറിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കടുത്ത മത്സരങ്ങൾക്കിടയിലും പ്രമുഖ ബ്രാൻഡായ അഡിഡാസ്, ഒരു പ്രമുഖ ട്രെയിനി വിമാന നിർമ്മാണ കമ്പനി തുടങ്ങിയവ തങ്ങളുടെ യൂണിറ്റുകൾ സ്ഥാപിക്കാൻ കുപ്പത്തെയാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹെൽത്ത് കെയർ രംഗത്തെ വികസനത്തിന്റെ ഭാഗമായി ഏരിയ ഹോസ്പിറ്റലിൽ സിടി സ്കാൻ, ഡയാലിസിസ് സെന്റർ എന്നിവയും 'സ്വർണ്ണ കുപ്പം-സ്വച്ഛ് കുപ്പം' പ്രവേശന കവാടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

ക്ഷീര-ഹോർട്ടികൾച്ചർ മേഖല: പ്രതിദിനം 10 ലക്ഷം ലിറ്റർ പാൽ സംഭരിക്കുക എന്ന ലക്ഷ്യത്തോടെ വലിയ ഡയറി പ്രോജക്ടുകൾ വികസിപ്പിക്കുന്നുണ്ട്. കൂടാതെ 'പൂർവ്വോദയ' പദ്ധതിക്ക് കീഴിൽ മദനപ്പള്ളിയിൽ ഹോർട്ടികൾച്ചർ ഹബ്ബിന്റെ തറക്കല്ലിടൽ അടുത്ത മാസം നടക്കും. കുപ്പത്ത് അവതരിപ്പിച്ച തുള്ളിനന (Micro-irrigation) മാതൃക ഇന്ന് ദേശീയതലത്തിൽ തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹരിത ഊർജ്ജം: പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ജനങ്ങൾ റൂഫ്‌ടോപ്പ് സോളാർ പാവറിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും (EV) മാറണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. നെറ്റ്-സീറോ ഭാവിയെന്ന ലക്ഷ്യം കൈവരിക്കാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

താൻ ഒരിക്കലും അക്രമ രാഷ്ട്രീയത്തിൽ വിശ്വസിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ചന്ദ്രബാബു നായിഡു, അലിപിരിയിൽ തനിക്ക് നേരെ വധശ്രമം ഉണ്ടായപ്പോഴും തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് കൂട്ടിച്ചേർത്തു. രായലസീമയിലെ അക്രമങ്ങൾ തൻ്റെ മുൻ ഭരണകാലത്ത് തന്നെ നിയന്ത്രണവിധേയമാക്കിയിരുന്നതായും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

Content Highlights: Andhra Pradesh is expanding its gold mining ambitions, with another gold mine project in the Kuppam region potentially moving closer to reality. The development follows growing attention on the state's mineral resources and gold production initiatives, including the Jonnagiri project, and could further strengthen Andhra Pradesh's position in India's domestic gold mining sector.

dot image
To advertise here,contact us
dot image