

യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പുതിയ വ്യാപാര മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ സര്‍വീസ് നികുതി ഏര്‍പ്പെടുത്തുന്ന ഏത് യൂറോപ്യന്‍ രാജ്യത്തിനും 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
ബ്രിട്ടന്‍ 2020 മുതല്‍ 2% ഡിജിറ്റല്‍ സര്‍വീസ് നികുതി ഈടാക്കുന്നുണ്ട്. ഈ നികുതി പ്രധാനമായും ആപ്പിള്‍, ഗൂഗിള്‍, മെറ്റ, ആമസോണ്‍ പോലുള്ള വലിയ അമേരിക്കന്‍ ടെക് കമ്പനികളെയാണ് ബാധിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഈ നികുതിയിലൂടെ ബ്രിട്ടന് 800 മില്യണ്‍ പൗണ്ടിലധികം വരുമാനമാണ് ലഭിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും 3% ഡിജിറ്റല്‍ സര്‍വീസ് നികുതി നടപ്പാക്കിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ പുതിയ വ്യാപാര കരാറില്‍ എത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.
ഈ നികുതി അമേരിക്കന്‍ കമ്പനികളെ ലക്ഷ്യമിടുന്നതാണെന്ന് ട്രംപ് തുറന്നടിച്ചു. അതിനാല്‍ പ്രതികാര നടപടിയായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 100% തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ട്രംപിന്റെ പ്രസ്താവന പ്രധാനമായും പുതിയായി ഇത്തരം നികുതി കൊണ്ടുവരാന്‍ ഒരുങ്ങുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടതാണെങ്കിലും, ബ്രിട്ടനില്‍ ഇതിനകം തന്നെ ഡിജിറ്റല്‍ സര്‍വീസസ് ടാക്‌സ് നിലവിലുണ്ടായതിനാല്‍ അതിന്റെ കൃത്യമായ പ്രത്യാഘാതം എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ഇത് ട്രംപിന്റെ ഒരു രാഷ്ട്രീയ പ്രഖ്യാപനമായി വേണം കണക്കാക്കേണ്ടത്. ഇത് അമേരിക്ക, നയമായി നടപ്പിലാക്കുമോ, മറ്റ് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതെല്ലാം വരും ദിവസങ്ങളില്‍ വ്യക്തമാകും.
Content Highlights: US President Donald Trump has warned that any European country imposing a Digital Services Tax (DST) on American technology companies will face a 100% import tariff on goods exported to the United States