

വൈദ്യുതി ഉത്പാദന ചെലവ് കുറയ്ക്കാന്‍ ആഭ്യന്തര കല്‍ക്കരിയെ ആശ്രയിച്ച് ഇന്ത്യ. വിദേശ കല്‍ക്കരി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് താപവൈദ്യുത നിലയങ്ങളില്‍ ആഭ്യന്തര കല്‍ക്കരിയുടെ ഉപയോഗം ഗണ്യമായി വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍.
ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കാന്‍ രൂപകല്‍പ്പന ചെയ്ത ആകെ 18.7 ഗിഗാവാട്ട് ശേഷിയുള്ള വൈദ്യുത നിലയങ്ങളില്‍ ഇതുവരെ 5.7 ഗിഗാവാട്ട് ശേഷിയില്‍ ആഭ്യന്തര കല്‍ക്കരി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ 4.3 ഗിഗാവാട്ട് ശേഷിയുള്ള കൂടുതല്‍ യൂണിറ്റുകളില്‍ ഈ മാറ്റം നടപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്.
ഈ നിലയങ്ങള്‍ മുമ്പ് പ്രധാനമായും ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരിയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതി 21 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളത് 68 ശതമാനവും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചതോടെ ആഭ്യന്തര കല്‍ക്കരി ലഭ്യത മെച്ചപ്പെട്ടു. ഇതുവഴി ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കുന്ന തീരദേശ വൈദ്യുത നിലയങ്ങളിലേക്ക് കൂടുതല്‍ പ്രാദേശിക കല്‍ക്കരി എത്തിക്കാന്‍ സാധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ വര്‍ഷങ്ങളായി വൈദ്യുതി ഉല്‍പാദനത്തിനുള്ള കല്‍ക്കരി ഇറക്കുമതി കുറയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഇറക്കുമതി കല്‍ക്കരിക്ക് അനുയോജ്യമായി രൂപകല്‍പ്പന ചെയ്ത നിലയങ്ങളില്‍ കൂടുതല്‍ ആഭ്യന്തര കല്‍ക്കരി ഉപയോഗിക്കുന്നത് സാങ്കേതിക വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു.
ഇതിനായി വൈദ്യുത നിലയങ്ങളിലെ യൂണിറ്റുകളില്‍ ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയതോടെ ഇപ്പോള്‍ ചില പ്ലാന്റുകളില്‍ 70 ശതമാനം വരെ ആഭ്യന്തര കല്‍ക്കരി ഉപയോഗിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കല്‍ക്കരി മന്ത്രാലയം ഇറക്കുമതി കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള പ്ലാന്റുകള്‍ക്ക് നേരിട്ട് കല്‍ക്കരി വിതരണം ചെയ്യാനുള്ള പദ്ധതിയും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമായ ഗുണനിലവാരവും അളവും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, വൈദ്യുതി ആവശ്യകത ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പാദനം മേയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധിച്ചു. 2024 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്.
പ്രാദേശിക കല്‍ക്കരി ഉല്‍പാദന വര്‍ധനയും പുനരുപയോഗ ഊര്‍ജ മേഖലയുടെ വളര്‍ച്ചയും കാരണം ഇന്ത്യയുടെ താപ കല്‍ക്കരി ഇറക്കുമതി ജനുവരി-മെയ് കാലയളവില്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയായ 6.5 കോടി മെട്രിക് ടണ്ണായി കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlights: India is ramping up the use of domestic coal at power plants originally designed for imported fuel, helping slash thermal coal imports to a four-year low as renewable energy growth and higher local production strengthen the country's energy security