തുടക്കം ഉമ്മ നല്‍കിയ 9000 രൂപയില്‍: ദുബായിൽ ഒരു മലയാളി പ്രവാസി കെട്ടിപ്പടുത്ത വിജയഗാഥ

ഉമ്മ നൽകിയ ആ തുക പിന്നീട് കോടികളുടെ മൂല്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറി

തുടക്കം ഉമ്മ നല്‍കിയ 9000 രൂപയില്‍: ദുബായിൽ ഒരു മലയാളി പ്രവാസി കെട്ടിപ്പടുത്ത വിജയഗാഥ
അജ്മല്‍ എം കെ
3 min read|24 Jun 2026, 01:57 pm
dot image

പ്രവാസികൾക്ക് വലിയ പ്രചോദനമായി മാറുകയാണ് യുഎഇയിലെ പ്രമുഖ ടെക് കമ്പനിയായ 'ഹാഷ് ഇൻക്ലൂഡ്' സ്ഥാപകൻ അനസ് അബ്ദുൾ ലത്തീഫിന്റെ വിജയഗാഥ. 2014-ൽ തന്റെ ഉമ്മയെ വിളിച്ച് ചോദിച്ച 350 ദിർഹത്തിന്റെ (ഇന്നത്തെ ഏകദേശം 9,000 ഇന്ത്യൻ രൂപ) സഹായം അനസിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായി മാറുകയായിരുന്നു. അക്കാലത്ത് ഒരു സർക്കാർ പ്രൊജക്ടിന്റെ ടെൻഡറിൽ പങ്കെടുക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ അനസിന് ഉമ്മ നൽകിയ ആ തുക പിന്നീട് കോടികളുടെ മൂല്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറി.

തിരിഞ്ഞുനോക്കുമ്പോൾ തന്റെ ഉമ്മ നടത്തിയ ഏറ്റവും മികച്ച നിക്ഷേപമായിരുന്നു ആ 350 ദിർഹമെന്നാണ് ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അനസ് വ്യക്തമാക്കുന്നത്. കുട്ടിക്കാലത്ത് മാതാപിതാക്കളോടൊപ്പം യു.ഇയിൽ കഴിഞ്ഞിരുന്ന അനസ്, പിന്നീട് ഉപരിപഠനത്തിനായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. പഠനത്തിന് ശേഷം 2008-ൽ ദുബായിലേക്ക് തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ കൈകളിൽ വലിയ സാമ്പത്തികമോ ബിസിനസ്സ് ബന്ധങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

സോഫ്റ്റ്‌വെയർ എഞ്ചിനീയറായി കരിയർ ആരംഭിച്ച അദ്ദേഹം, യുഎഇയിലെ ബിസിനസ്സ് രീതികളെക്കുറിച്ച് നല്ല രീതിയില്‍ പഠിക്കാൻ തുടങ്ങി. വിപണിയിലെ മുൻനിര കമ്പനികളോട് മത്സരിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സാങ്കേതികമായ അറിവിനപ്പുറം ശക്തമായ ബിസിനസ്സ് ബന്ധങ്ങൾ കെട്ടിപ്പടുക്കേണ്ടത് വിജയത്തിന് അനിവാര്യമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സാങ്കേതിക പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തിയായതിനാൽ തന്നെ കച്ചവടതന്ത്രങ്ങളും വിനിമയശേഷിയും കഠിനാധ്വാനത്തിലൂടെ അദ്ദേഹത്തിന് സ്വന്തമാക്കേണ്ടി വന്നു.

പെട്ടെന്നുള്ള ഒരു കുതിച്ചുചാട്ടമായിരുന്നില്ല, മറിച്ച് വർഷങ്ങളുടെ കഠിനാധ്വാനവും ഓരോ ഉപഭോക്താക്കളുമായുള്ള മികച്ച ബന്ധവുമാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് അനസ് ഓർക്കുന്നു. സാങ്കേതികവിദ്യയേക്കാൾ മനുഷ്യരിലാണ് താൻ വിശ്വസിക്കുന്നതെന്നും മറ്റുള്ളവരുടെ കഴിവുകൾ തിരിച്ചറിയാൻ സഹായിക്കുന്നതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം കരുതുന്നു. ജന്മനാട് വിട്ട്, അപരിചിതമായൊരു നാട്ടിൽ വന്ന് പൂജ്യത്തിൽ നിന്ന് തുടങ്ങി പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് വിജയം വരിച്ച ഏതൊരു സാധാരണ ഇന്ത്യൻ പ്രവാസിയുടെയും നേർക്കാഴ്ചയാണ് അനസിന്റെ ഈ ജീവിതകഥ.

സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ബിസിനസ്സ് സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ കമ്പനികളില്‍ ഒന്നാണ് ഇന്ന് ഹാഷ് ഇൻക്ലൂഡ്. വിവിധ വ്യവസായ മേഖലകളിലെ ബിസിനസ്സുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും സിസ്റ്റം മാനേജ്‌മെന്റും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlights: A Malayali expatriate has built an inspiring business success story in Dubai after starting with just ₹9,000 provided by his mother. Through perseverance, entrepreneurship, and years of hard work, he transformed a modest beginning into a thriving enterprise, becoming an example for aspiring entrepreneurs and expatriates alike.

dot image
To advertise here,contact us
dot image