

യുദ്ധവും താരിഫും പോലുള്ള വെല്ലുവിളികൾ നിലനിൽക്കവേ രാജ്യത്തിൻ്റെ സാമ്പത്തികസ്ഥിതി പഠിക്കാൻ പാർലമെന്ററി സമിതി. ധനകാര്യ മന്ത്രാലയത്തിൻ്റെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി പഠിക്കുക. 2025-26 സാമ്പത്തികവർഷത്തിലെ കമ്മിറ്റിയുടെ ഒരു വിഷയമായിരിക്കും ഇത്.
ഇത് സംബന്ധിച്ച് ലോക്സഭാ ബുള്ളറ്റിനും പുറത്തിറങ്ങിയിരുന്നു. രാജ്യം നിലവിൽ 7.7 എന്ന മികച്ച ജിഡിപി വളർച്ച നേടിയിട്ടുണ്ട് എങ്കിലും വരുന്ന സാമ്പത്തിക പാദങ്ങളിൽ വളർച്ച ഇടിയും എന്നാണ് കണക്കുകൂട്ടൽ. പശ്ചിമേഷ്യയിലെ യുദ്ധമാണ് ഇതിന് പ്രധാന കാരണം. വളം, ഇന്ധനം തുടങ്ങിയവയുടെ വില വർധിച്ചത് അടക്കം വലിയ വെല്ലുവിളിയാണ് സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്.
ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സാമ്പത്തിക വിദഗ്ധർ, മാറ്റ് പങ്കാളികൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയ ശേഷമാണ് സമിതിയുടെ നിരീക്ഷണങ്ങളും ശുപാർശകളും അന്തിമമാക്കുക. സാമ്പത്തിക വളർച്ച, പണപ്പെരുപ്പം, തൊഴിൽ, നിക്ഷേപ പ്രവണതകൾ, ധനകാര്യ മാനേജ്മെന്റ്, ബാങ്കിംഗ് മേഖലയിലെ വികസനങ്ങൾ, വ്യാപാരം, ആഗോള സംഭവവികാസങ്ങൾ ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങളാണ് സമിതി പഠിക്കുക.
പശ്ചിമേഷ്യൻ യുദ്ധം മൂലം ഇന്ത്യയുടെ വളർച്ച ഇടിവ് നേരിട്ടേക്കും എന്ന വിലയിരുത്തലിനിടെയാണ് ഇത്തരത്തിൽ ഒരു പഠനം നടത്താൻ കേന്ദ്രം ഒരുങ്ങുന്നത്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, വ്യാപാര അനിശ്ചിതത്വങ്ങൾ, വിലക്കയറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് രാജ്യം നിലവിൽ നേരിടുന്നത്. ഭർത്തൃഹരി മഹ്താനി എംപിയാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷൻ.
ഇന്ത്യയുടെ 7.7 ശതമാനം ജിഡിപി വളര്‍ച്ച കഴിഞ്ഞ പത്ത് വര്‍ഷമായി നടപ്പാക്കിയ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. ഇപ്പോഴത്തെ ഈ വളര്‍ച്ച യാദൃശ്ചികമായി ഉണ്ടായതല്ലെന്ന് പിയൂഷ് ഗോയല്‍ ആവര്‍ത്തിച്ചു. മുന്‍വര്‍ഷത്തെ 299.89 ലക്ഷം കോടി രൂപയില്‍ നിന്ന് 323.12 ലക്ഷം കോടി രൂപയായാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ജിഡിപിമൂല്യം മെച്ചപ്പെട്ടത്. ഇതാണ് 7.7% വളര്‍ച്ച. ഒരു രാജ്യത്തെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ (ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ) ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പാദനം അഥവാ ജിഡിപി. അതായത്, സാധനങ്ങളും സേവനങ്ങളും ഉല്‍പാദിപ്പിക്കുകയും അവ രാജ്യത്തു തന്നെ വിതരണം ചെയ്യുകയും വഴി കിട്ടുന്ന വരുമാനത്തിന്റെ ആകെത്തുകയാണിത്.
അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ആഗോള സാമ്പത്തിക ശക്തികളില്‍ മുന്‍നിരയിലേക്കുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ സാമ്പത്തിക അജന്‍ഡയെന്നും അദ്ദേഹം പറഞ്ഞു. 2047ഓടെയോ അതിനുമുമ്പോ ഇന്ത്യയെ ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളിലുണ്ടാക്കിയ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും, ദീര്‍ഘകാല വളര്‍ച്ചയ്ക്കും നിക്ഷേപത്തിനും തൊഴില്‍ സൃഷ്ടിക്കും ശക്തമായ അടിത്തറ ഒരുക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Amid challenges such as global conflicts and tariff-related pressures, the Parliamentary Standing Committee under the Ministry of Finance will examine India's economic condition. The review of the country's economic situation has been included as one of the committee's key subjects for the financial year 2025-26.