

രാജ്യത്ത് വിവിധ ബിസിനസുകൾ ചെയ്യുന്നവർക്ക് ഗുണകരമാകുന്ന തീരുമാനവുമായി ഷാർജ ഭരണകൂടം. കമ്പനികളുടെ ചെലവ് നിയന്ത്രിക്കാനും പ്രവർത്തനങ്ങൾ നിലനിർത്താനും സഹായിക്കുന്നതിന്റെ ഭാഗമായി ഫീസ് കിഴിവുകൾ, ഇളവുകൾ, വൈകി പേയ്‌മെന്റ് ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ ഷാർജ ഭരണകൂടം നടപ്പിലാക്കിത്തുടങ്ങി. 3 മാസത്തേക്കാണ് ആനുകൂല്യം ലഭ്യമാകുക.
ഇ-കൊമേഴ്‌സ്, എയ്തിമാഡ് ആഭ്യന്തര ലൈസൻസുകൾ എന്നിവയുള്ള ബിസിനസുകൾക്ക് ഏതെങ്കിലും കാരണത്താൽ പേയ്‌മെന്റുകൾ വൈകിയിട്ടുണ്ടെങ്കിൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. മൈക്രോ ലൈസൻസുകൾക്കുള്ള പുതുക്കൽ ഫീസിലും ഇളവുണ്ട്. പുതിയ ലൈസൻസ് തുകയിലും പുതുക്കുമ്പോഴുള്ള തുകയിലും 50% കിഴിവ് ലഭിക്കും.
ഭക്ഷണം, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾക്ക് ലൈസൻസ് ഫീസിൽ 50% ഇളവ്, പ്രൊമോഷണൽ ക്യാമ്പയിനുകൾക്കുള്ള പെർമിറ്റ് ഫീസിൽ 25% ഇളവ്, നേഴ്സറികൾക്കുള്ള പുതുക്കൽ, ഇഷ്യൂ ഫീസുകളിൽ 25% ഇളവ് എന്നിവയും ലഭിക്കും.
ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ടമെന്റ് ആണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. കമ്പനികൾ, സ്ഥാപനങ്ങൾ, പ്രോജക്ട് ഉടമകൾ, സംരംഭകർ എന്നിവർക്ക് പിന്തുണ നൽകാനും ബിസിനസ് തുടർച്ചയും നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്താനുമാണ് ഈ പാക്കേജ് എന്ന് എസ്ഇഡിഡി പറഞ്ഞു. ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും നിക്ഷേപകർക്കും സംരംഭകർക്കും മികച്ച സേവനങ്ങൾ നൽകാനുമുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ നടപടികൾ എന്ന് ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ടമെന്റ് അധ്യക്ഷൻ ഹമദ് അലി അബ്ദല്ല അൽ മഹ്മൂദ് പറഞ്ഞു.
ഷാർജ പൊതുമരാമത്ത് വകുപ്പ്, ഷാർജ ടൗൺ പ്ലാനിംഗ് ആൻഡ് സർവേ വകുപ്പ്, ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ്, ഷാർജ മുനിസിപ്പൽ അഫയേഴ്‌സ് വകുപ്പ്, ഷാർജ പോലീസ്, ഷാർജ വൈദ്യുതി-ജല-വാതക അതോറിറ്റി, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി, ഷാർജ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി, ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി തുടങ്ങി എല്ലാ സർക്കാർ വകുപ്പുകളുടെയും പിന്തുണയോടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
Content Highlights: The Sharjah government has introduced a series of measures aimed at supporting businesses operating in the emirate. The initiatives include fee reductions, special discounts, and flexible payment options to help companies manage operational expenses and maintain business continuity