

ആഗോളതലത്തില്‍ ഇന്ധനവില വര്‍ധിച്ചതിനെ തുടര്‍ന്ന് ജപ്പാന്റെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാന്‍ പ്രധാന പലിശനിരക്ക് ഉയര്‍ത്തി. 1 ശതമാനം ഉയര്‍ത്തിയതോടെ ഇത് 31 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. 1995ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വര്‍ധനവാണിത്. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ജീവിതച്ചെലവ് വര്‍ധിച്ചതോടെ ഈ വര്‍ഷം നിരവധി രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് ജപ്പാന്റെയും തീരുമാനം.
1990കളില്‍ ഓഹരികളും റിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടെയുള്ള ആസ്തികളുടെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജപ്പാന്‍ പലിശനിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിലേറെയായി പലിശനിരക്കുകള്‍ പൂജ്യത്തിന് സമീപം തന്നെ നിലനിര്‍ത്തി. ഈ കാലയളവില്‍ വിലക്കയറ്റം കുറഞ്ഞതും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായതുമാണ് കാരണം.
2024 മാര്‍ച്ചിലാണ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തല്‍ ആരംഭിച്ചത്. അന്ന് 17 വര്‍ഷത്തിനുശേഷമുള്ള ആദ്യ നിരക്കുയര്‍ത്തലായിരുന്നു അത്. അടുത്തകാലം വരെ വളരെ താഴ്ന്ന നിലയിലായിരുന്ന ജപ്പാനിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ജപ്പാന്‍ കേന്ദ്ര ബാങ്ക് വലിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയെയും പ്രകൃതിവാതകത്തെയും വളരെയധികം ആശ്രയിക്കുന്ന ജപ്പാനില്‍ ഊര്‍ജവിലയിലെ വര്‍ധന വിലക്കയറ്റത്തില്‍ പ്രതിഫലിച്ചു. മേയ് മാസത്തില്‍ ജപ്പാനിലെ മൊത്തവില സൂചിക കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനത്തിലധികം ഉയര്‍ന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗമേറിയ വര്‍ധനയാണിത്. എന്നാല്‍, ഏപ്രിലില്‍ 1.4 ശതമാനമായിരുന്ന രാജ്യത്തെ മൊത്തം പണപ്പെരുപ്പ നിരക്ക് ഇപ്പോഴും കേന്ദ്ര ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിന് താഴെയാണ്.
ഇറാന്‍ യുദ്ധത്തിന്റെ സ്വാധീനം
ഉയര്‍ന്ന ഇന്ധനവിലയുടെ ആഘാതം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്ന് ഇറാന്‍ യുദ്ധം ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കില്ലെന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കുകൂട്ടല്‍. പലിശനിരക്ക് ഉയര്‍ത്തുന്നത് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, വായ്പാ ചെലവ് വര്‍ധിക്കുന്നതിനാല്‍ സര്‍ക്കാരിനും ബിസിനസുകള്‍ക്കും ഇത് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കും. അമേരിക്കന്‍ ഡോളര്‍, യൂറോ തുടങ്ങിയ പ്രധാന കറന്‍സികള്‍ക്കെതിരെ സമ്മര്‍ദ്ദം നേരിടുന്ന ജാപ്പനീസ് യെന്‍ കറന്‍സിയെ സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യവും പലിശനിരക്ക് വര്‍ധനയ്ക്ക് പിന്നിലുണ്ട്.
Content Highlights: The Bank of Japan raised its benchmark interest rate to 1%, marking its highest level in 31 years as policymakers respond to rising energy costs, growing inflation pressures and a gradual shift away from decades of ultra-loose monetary policy