

സൗദിയിലെ നിർമാണ, അടിസ്ഥാന സൗകര്യ വികസനമേഖലകളിൽ പിടിമുറുക്കാൻ ചൈന. ഇത് സംബന്ധിച്ച് ചൈനീസ് സ്ഥാപനങ്ങളുമായി സൗദി അറേബ്യ 506 മില്യൺ ഡോളറുടെ കരാറിൽ ഏർപ്പെട്ടു. ആറ് കരാറുകളിലാണ് ഇരുവരും ഒപ്പുവെച്ചത്. ചൈനീസ് പ്രതിനിധികളുടെ സൗദി സന്ദര്ശനത്തിനിടയിലാണ് കരാറുകൾ ഒപ്പുവെക്കപ്പെട്ടത്. കെട്ടിടനിർമാണ മേഖല, കെട്ടിടനിർമാണത്തിലെ പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന കൈമാറ്റം, മനുഷ്യ മൂലധന വികസനം, പൊതു-സ്വകാര്യ പങ്കാളിത്തത്തിനുള്ള പിന്തുണ എന്നിവയിലാണ് ഇരു രാജ്യങ്ങളും കൈകോർക്കുക.
നിർമാണ കാര്യക്ഷമത മെച്ചപ്പെടുത്തുക, പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുക, ഭവന വികസനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവ ലക്ഷ്യമിട്ടുള്ള എഞ്ചിനീയറിംഗ് ഡിസൈൻ, ഫിനാൻസിംഗ് സൊല്യൂഷൻസ്, പ്രോജക്ട് പഠനങ്ങൾ, വിലനിർണയം തുടങ്ങിയവയും ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാറിലുണ്ട്. സൗദിയിലെ നിർമാണ, അടിസ്ഥാന സൗകര്യ മേഖലകളിൽ ചൈനയുടെ വളർന്നുവരുന്ന പങ്കിനെയാണ് ഈ കരാറുകളിലൂടെ കാണാനാകുക. സൗദി അറേബ്യയുടെ വിഷൻ 2030 വൈവിധ്യവൽക്കരണ അജണ്ടയുടെ ഭാഗമായുള്ള പ്രധാന വികസന പദ്ധതികളിലാണ് ചൈനീസ് കമ്പനികൾ കൂടുതലായി പങ്കാളികളാകുന്നത്.
ചൈനീസ് കമ്പനികളുമായുള്ള പങ്കാളിത്തം തങ്ങളുടെ അഭിലാഷങ്ങൾ യാഥാർഥ്യമാക്കാനുള്ള അവരുടെ കഴിവിനെയാണ് എടുത്തുകാണിക്കുന്നത് എന്നായിരുന്നു സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രി മജീദ് അൽ-ഹൊഗൈലിന്റെ പ്രതികരണം. പുതിയ കരാർ പ്രകാരം ചൈനീസ് കമ്പനികൾ 2030 -ാടെ സൗദിയിൽ ഒരു ലക്ഷം ഹൗസിങ് യൂണിറ്റുകൾ നിർമ്മിച്ചുനൽകും. റിയാദിലെ അൽ റുബ പദ്ധതി, ദമ്മാമിലെ അൽ റഷ അൽ ഫൈസലിയാ പദ്ധതി, തൈഫിലെ അൽ ഹവിയാ പദ്ധതി എന്നിവയും ചൈനീസ് സഹകരണത്തോടെയാണ് നിർമിക്കുക.
ഇരു രാജ്യത്തിന്റെ പ്രതിനിധികളും ഉൾപ്പെട്ട സൗദി-ചീസ് കോൺട്രാക്ടേഴ്‌സ് ഫോറത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇതിനിടെ നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും ഹൗസിങ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലയിലെ ഒരുമിച്ചുള്ള സാദ്ധ്യതകൾ പരിശോധിക്കാനാണ് ഈ ഫോറം. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി തങ്ങളുടെ പദ്ധതികളെ വിപുലീകരിക്കുന്നതിന് ഇത് സഹായകമാകുമെന്നും അൽ-ഹൊഗൈൽ പ്രതികരിച്ചു.
Content Highlights: China has strengthened its presence in Saudi Arabia’s construction and infrastructure sector by signing agreements worth $506 million with Saudi entities. The deal includes six contracts focused on expanding cooperation in major development projects, reflecting growing economic ties between the two countries.